ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട്; ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ
ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ. ഖത്തർ സാംസ്കാരിക വിഭാഗവുമായി സഹകരിച്ച് മലയാളികൾ നേതൃത്വം നൽകുന്ന ഫോക്കസ് ഖത്തർ ഇന്റർനാഷണലാണ് ആർട്ടിസ്റ്റ് എം ദിലീഫ് രൂപ കൽപ്പന ചെയ്ത ബൂട്ട് നിർമ്മിച്ചത്. കോഴിക്കോടാണ് ഈ ബൂട്ട് നിർമ്മിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട് നിർമ്മിച്ചാണ് ഖത്തർ നേട്ടത്തിന്റെ നെറുകയിൽ മുത്തമിട്ടത്. ഫോക്കസ് ഇന്റര്‍നാഷണലിനെ സംബന്ധിച്ച് ഏറെ അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ പറഞ്ഞു. ലോകകപ്പ് നടക്കുന്ന സമയം തന്നെ ഇത്തരമൊരു ബൂട്ട് നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റേയും ഫോക്കസ് ഇന്റര്‍നാഷനലിന്റേയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്ന് മറ്റൊരു പ്രതിനിധി പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു നിര്‍മ്മാണം. ആറുമാസമാണ് നിർമ്മാണത്തിന് വേണ്ടിവന്നത്. തുടർന്ന് ബോംബെ തുറമുഖം വഴി ഖത്തറിലെത്തിച്ചു. അവസാന മിനുക്കുപണികള്‍ ഖത്തറില്‍ വച്ചാണ് നടത്തിയതെന്നും ഫൈബര്‍, ഫോം, അക്രലിക് ഷീറ്റ്, റെക്‌സിന്‍, പെയിന്റ്, ലെതർ തുടങ്ങിയവ ഉപയോഗിച്ചാണ് ബൂട്ട് നിര്‍മ്മിച്ചതെന്നും പ്രതിനിധികൾ വ്യക്തമാക്കി.