മുട്ടക്കറിയില്‍ പുഴു, 6 വിദ്യാര്‍ഥികൾ ആശുപത്രിയിൽ; 'വാഗാലാന്‍ഡ്' ഹോട്ടല്‍ പൂട്ടിച്ചു

ഇടുക്കി: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണ്ണിലെ വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരെ നടപടി. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ ഒരു സംഘം വിദ്യാർത്ഥികൾക്കുള്ള മുട്ടകറിയിലാണ് പുഴുവിനെ കണ്ടത്. ഇതേതുടർന്ന് വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയും അധികൃതർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. വിദ്യാർത്ഥി സംഘത്തിലെ രണ്ട് കുട്ടികൾക്കാണ് മുട്ടക്കറിയിൽ പുഴുവിനെ കിട്ടിയത്. ഇതിനിടെ മറ്റ് ചില കുട്ടികൾക്ക് ഛർദ്ദിയും അനുഭവപ്പെട്ടു. ഇതേതുടർന്ന് വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും അധികൃതർക്ക് പരാതി നൽകുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആറ് വിദ്യാർത്ഥികൾ ഇപ്പോൾ ആശുപത്രിയിലാണ്. ഹോട്ടലിനുള്ളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചതെന്ന് കണ്ടെത്തി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

Related Posts