'അമ്മ പ്രചരിപ്പിച്ചത് വേദവ്യാസനിലൂടെ പ്രവഹിച്ച വിജ്ഞാനം'; എഴുത്തുകാരൻ ഡോ. രാജീവ് ഇരിങ്ങാലക്കുട

തൃപ്രയാർ : വേദവ്യാസനിലൂടെ പ്രവഹിച്ച വിജ്ഞാനം പ്രചരിപ്പിക്കുക എന്നതായിരുന്നു തൃപ്രയാർ ശിവയോഗിനി അമ്മയുടെ ദൗത്യമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജീവ് ഇരിങ്ങാലക്കുട. ശിവയോഗിനി അമ്മയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് "ഭാരതത്തിലെ ഗുരു പാരമ്പര്യത്തിന്റെ നാൾവഴികളിലൂടെ " എന്ന വിഷയത്തെക്കറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ദൗത്യനിർവഹണമായിരുന്നു അമ്മ തത്വപ്രതിഷ്ഠകളിലൂടെ നിർവ്വഹിച്ചത്. വിജ്ഞാനത്തിന്റെ ആൾരൂപമായിരുന്നു വേദവ്യാസൻ. സനാതനധർമ്മത്തിൽ ഒരു ഗുരു ഉണ്ടെങ്കിൽ അത് വേദവ്യാസനാണ്. അതുകൊണ്ട് കൂടിയാണ് വ്യാസ ജയന്തി ഗുരുപൂർണ്ണിമയായി ആഘോഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈകീട്ട് നാട്ടിക ബീച്ച് നാഗയക്ഷി ക്ഷേത്രത്തിൽ നിന്നും ശിവയോഗിനി അമ്മയുടെ പാദുകങ്ങൾ വഹിച്ചു കൊണ്ട് ആരംഭിച്ച രഥയാത്ര കൊടിയമ്പുഴ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. വലപ്പാട് ബീച്ചിൽ അമ്മ സ്ഥാപിച്ച കൊടിയമ്പുഴ ക്ഷേത്രത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായ ഭാസ്ക്കരനെ ശനിയാഴ്ച രാവിലെ ആദരിച്ചു.

ഡോ. രാജീവ് ഇരിങ്ങാലക്കുട, കൊടിയമ്പുഴ ദേവസ്വം പ്രസിഡണ്ട് പി ആർ നാരായണൻ, രക്ഷാധികാരി കെ കെ പീതാംബരൻ, വൈസ് പ്രസിഡണ്ട് മുരളി, ആഘോഷ സമിതി രക്ഷാധികാരി സി ആർ വേലായുധൻ, സി വി മാളവിക, വി ജി സതീശൻ തുടങ്ങിയവർ പങ്കെടുത്തു. ഭാസ്ക്കരൻ മുൻകാല സ്മൃതികൾ പങ്കുവെച്ചു.

Related Posts