തീവ്രമായ രാഷ്ട്രീയ അനുഭവം പകർന്നു നൽകുന്ന സിനിമയാണ് കെ എം കമലിൻ്റെ 'പട' എന്ന് എഴുത്തുകാരൻ മോചിത മോഹനൻ
കെ എം കമൽ രചനയും സംവിധാനവും നിർവഹിച്ച പട എന്ന സിനിമ തീവ്രമായ രാഷ്ട്രീയ അനുഭവം പകർന്നു നൽകുന്നതായി എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മോചിത മോഹനൻ. തീവ്രമായ ഒരു രാഷ്ട്രീയ പ്രശ്നത്തിന്റെ ശക്തവും സുന്ദരവുമായ അവതരണമായിട്ടാണ് സിനിമ അനുഭവപ്പെട്ടതെന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ആദിവാസി ഭൂനിയമ ഭേദഗതി റദ്ദാക്കാൻ ആവശ്യപ്പെട്ട് 1996-ൽ അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ദിയാക്കിയ രാഷ്ട്രീയ സംഭവത്തിന്റെ ഉജ്വലമായ അവതരണമാണ് സിനിമ. ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാൻ ആദിവാസികൾ നടത്തിയ ഒട്ടേറെ സമരങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ടെന്ന് മോചിത മോഹനൻ കുറിപ്പിൽ പറയുന്നു. മുത്തങ്ങ, ചെങ്ങറ, സെക്രട്ടേറിയറ്റ് പടിക്കൽ കുടിൽ കെട്ടിയുള്ള സമരം, വയനാട് ഭൂമി കൈയേറി നൂറുകണക്കിന് കുടിലുകൾ കെട്ടി നടത്തിയ സമരം തുടങ്ങിയവ അതിൽ ചിലതാണ്. അനവധി സമരമുഖങ്ങളിൽ ആദിവാസി സമൂഹം ഭരണകൂടവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. എന്നിട്ടും ആദിവാസികൾ വഞ്ചിക്കപ്പെടുകയും മുഖ്യധാരയിൽനിന്ന് ചവിട്ടി പുറത്താക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ഇടത്, വലത് നേതൃത്വങ്ങൾക്ക് ഒരേ അജണ്ടയായിരുന്നെന്ന് എഴുത്തുകാരൻ കുറ്റപ്പെടുത്തുന്നു.
കേരളത്തെ ഇളക്കിമറിച്ച, വ്യവസ്ഥാപിത സമരരീതികളെ ധീരമായി ചോദ്യം ചെയ്ത ഒരു പ്രതിഷേധമുറയെ തിരഞ്ഞെടുത്ത് ഒട്ടും അതിശയോക്തിയില്ലാതെ, വയലൻസിന്റെ അതിപ്രസരമില്ലാതെ, രാഷ്ട്രീയമായ പക്വതയോടെ ഓരോ ഫ്രെയിമും തയ്യാറാക്കാൻ കഴിഞ്ഞു എന്നതാണ് സംവിധായകൻ്റെ വിജയം.
ആദിവാസി സമരങ്ങളിൽ ഏത് തിരഞ്ഞെടുത്ത് അവതരിപ്പിക്കണം എന്നത് സംവിധായകന്റെ അവകാശമാണെന്ന് കുറിപ്പിൽ പറയുന്നു. ആവിഷ്കാരത്തിൽ രാഷ്ട്രീയ നൈതികത സൂക്ഷിക്കാൻ കഴിഞ്ഞോ എന്നതാണ് മൗലിക പ്രശ്നം. അതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിക്കാൻ സിനിമ അവസരങ്ങൾ നൽകുന്നുണ്ടെന്നും ഇതാണ് പലരെയും ചൊടിപ്പിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.