പ്രശസ്ത എഴുത്തുകാരൻ എസ് വി വേണുഗോപൻ നായർ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ (76) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്താണ് അദ്ദേഹം ജനിച്ചത്. പി സദാശിവൻ തമ്പി, ജെ വി വിശാലാക്ഷി അമ്മ എന്നിവരാണ് മാതാപിതാക്കൾ. തിരുവനന്തപുരം കുളത്തൂർ ഹൈസ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ എം എ., എം പി എച്ച് ഡി, പി എച്ച് ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലും, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ എസ് എസ് കോളേജുകളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഗർഭശ്രീമൻ , ആദിശേഷൻ , മൃതിനാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം തിമിരം, ഭൂമി പുത്രന്‍റെ വഴി, കഥകളിതിസാദരം, എന്‍റെ പരദൈവങ്ങൾ, ഒറ്റപ്പാലം എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ . കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശ്ശേരി പുരസ്കാരം, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്കാരം, സി വി സാഹിത്യ പുരസ്കാരം, കെ എം ജോർജ് ട്രസ്റ്റ് റിസർച്ച് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Related Posts