യുദ്ധത്തിന് തയ്യാറായിരിക്കുക; ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിൻപിംഗ്
ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ നിർദ്ദേശം നൽകി. ദേശ സുരക്ഷ വർദ്ധിച്ചുവരുന്ന അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും യുദ്ധം പോരാടി വിജയിക്കാൻ തയ്യാറായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മൂന്നാം തവണയും അദ്ദേഹം ചൈനയുടെ പ്രസിഡന്‍റായി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ നിർദേശം. ചൊവ്വാഴ്ച ചൈനീസ് മിലിട്ടറി കമ്മീഷന്‍റെ ജോയിന്‍റ് ഓപ്പറേഷൻസ് സെന്‍റർ ഷി സന്ദർശിച്ചിരുന്നു. ഇതിനുശേഷമാണ് ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയോട് യുദ്ധങ്ങൾക്ക് തയ്യാറായിരിക്കാൻ നിർദ്ദേശിച്ചത്. നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലാത്തത്രയും വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ ഷി, ചൈനയുടെ ദേശീയ സുരക്ഷ അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുന്നുവെന്നും പറഞ്ഞു. യുദ്ധത്തിന് തയ്യറായിരിക്കാനും നിർദ്ദേശിച്ചു. രാജ്യത്തിന്‍റെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ, പാർട്ടിയും ജനങ്ങളും അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ എന്നിവ നിറവേറ്റുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാൻ ഷി അവർക്ക് നിർദ്ദേശം നൽകി. 2027 ഓടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക സേനയാക്കി മാറ്റുകയാണ് സേനയുടെ നൂറ്റാണ്ടിന്റെ ലക്ഷ്യമെന്നും ഷി പറഞ്ഞു.