പരമാധികാരം ഉറപ്പാക്കാൻ ഷീ; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി മേധാവിയും ചൈനീസ് പ്രസിഡണ്ടുമായ ഷി ജിൻപിംഗിന്‍റെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകും പാർട്ടി കോൺഗ്രസ്. ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികൾ പങ്കെടുക്കും. ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡണ്ടായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും തായ്‌വാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യും. ഷീക്ക് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുന്നതിനായി പാർട്ടിയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതും ചർച്ച ചെയ്യും. ഷി ജിൻപിംഗ് തന്നെ പാർട്ടിയുടെ ജനറൽ സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളിൽ തുടരാനാണ് സാധ്യത. അതേസമയം കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള രാജ്യത്തിന്‍റെ നീക്കത്തിനെതിരെ ചൈനയിൽ പ്രതിഷേധം ശക്തമാകുകയാണ്.