ഷി ചിൻപിങ് റഷ്യയിലേക്ക്; സന്ദർശനം 4 വർഷത്തിനു ശേഷം

ബെയ്ജിങ്: 4 വർഷത്തിനു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് റഷ്യൻ സന്ദർശനം. മാർച്ച് 20 മുതൽ 22 വരെയാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തന്ത്രപരമായ വിഷയങ്ങളിലും റഷ്യ-ചൈന സമഗ്ര പങ്കാളിത്തം വർധിപ്പിക്കുന്നതിലും ചർച്ചകൾ നടക്കുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. 2019 ലാണ് ജിൻപിങ് അവസാനമായി റഷ്യ സന്ദർശിച്ചതെങ്കിലും ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബീജിംഗിൽ നടന്ന വിന്‍റർ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലും ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരു രാഷ്ട്രത്തലവൻമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷത്തിന് ശേഷമാണ് ഷി ജിൻപിങ്ങിന്‍റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രൈൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചെങ്കിലും റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ ചൈന പ്രതീക്ഷിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുളെബയെ ഫോണിൽ അറിയിച്ചു.

Related Posts