താപനില ഉയരുന്നതിനാൽ പാലക്കാട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏപ്രിൽ 22 നും 23 നും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 22, 23 തീയതികളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

താപനില ഉയരുന്നതിനാല്‍ പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണം. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Related Posts