നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; വൈകിട്ടോടെ ഇടുക്കി ഡാം തുറന്നേക്കും
തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടർന്ന് കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചൊവ്വാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്ന് വൈകുന്നേരത്തോടെ തുറക്കാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഇന്നലെ തുറന്നു. ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ചെറുതോണിയിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 അടിയിലേറെയാണ്. കഴിഞ്ഞ വർഷം മൂന്ന് തവണയാണ് ഡാം തുറന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ജലനിരപ്പ് 2381.54 അടിയിലെത്തി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.