83ആം പിറന്നാൾ ആഘോഷിച്ച് യേശുദാസ്; ആശംസകളുമായി പ്രമുഖർ
കൊച്ചി: യേശുദാസ് എന്ന പേര് മാത്രം മതി മലയാളിയുടെ നാവിലേക്ക് പല പാട്ടുകളുമെത്താൻ. അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്തിന്‍റെയും അഞ്ചുമക്കളിൽ മൂത്തവനായി 1940 ജനുവരി 10ന് ഫോർട്ടുകൊച്ചിയിൽ ജനിച്ച കെ.ജെ.യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ദാസേട്ടൻ ഇന്ന് 83-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസകൾ നേർന്ന് സമൂഹത്തിന്‍റെ വിവിധ രംഗങ്ങളിൽ നിന്നുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച ആശംസാ കുറിപ്പ് ശ്രദ്ധ നേടുകയാണ്. "തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഗന്ധർവ്വ നാദം. ലോകമെമ്പാടുമുള്ള ഏതൊരു മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിന്‍റെ സ്വകാര്യ അഭിമാനമായ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയംഗമമായ ജൻമദിനാശംസകൾ എന്ന് മോഹൻലാൽ കുറിച്ചു. പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ എന്ന് മമ്മൂട്ടിയും കുറിച്ചു. യേശുദാസിന് ആശംസകളുമായി പിന്നാലെ നിരവധി പേർ രംഗത്തെത്തി. സംഗീതജ്ഞനായിരുന്ന പിതാവിൽ നിന്നാണ് യേശുദാസ് സംഗീതത്തിലെ ആദ്യ പാഠങ്ങൾ പഠിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമിയിലും തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് കോളേജിലും പഠിച്ചു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരീക്ഷയിൽ പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. 22-ാം വയസ്സിലാണ് ആദ്യമായി ഒരു സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. കെ.എസ്. ആന്‍റണി സംവിധാനം ചെയ്ത് 1962-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രേംനസീറും സഹോദരൻ പ്രേം നവാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദിലീപ് നായകനായ 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പാടിയ മലയാള ഗാനമുള്ളത്.