എളവള്ളിയില്‍ സുജീവനം യോഗ പരിശീലനം തുടങ്ങി.
എളവള്ളി:
എളവള്ളി ഗ്രാമപഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുജീവനം യോഗ പരിശീലനം തുടങ്ങി. പ്രാണായാമങ്ങളിലൂടെയും യോഗാസനങ്ങളിലൂടെയും മുദ്രകളിലൂടെയും ശ്വസന ശേഷിയും പ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. തൃശൂര്‍ യോഗ അസോസിയേഷനുമായി ചേര്‍ന്നാണ് സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലനം സംഘടിപ്പിച്ചത്. അഞ്ചു ദിവസങ്ങളിലായി വൈകീട്ട് 7 മണി മുതലാണ് പരിശീലനം. കൊവിഡ് പോസിറ്റീവായവര്‍, ലക്ഷണങ്ങളുള്ളവര്‍, രോഗമുക്തി നേടിയവര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് പരിശീലനത്തിന്‍റെ ഗുണഭോക്താക്കള്‍. യോഗ ഇന്‍സ്ട്രക്ടര്‍മാരായ പി ഐ ബാബു, കെ വി സുരേഷ് ബാബു എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. യോഗ അസോസിയേഷന്‍ ഓഫ് തൃശൂര്‍ സെക്രട്ടറി എം വി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.