തൊഴിലവസരങ്ങളിൽ കേരളത്തേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഉത്തർപ്രദേശ് എന്ന് യോഗി ആദിത്യനാഥ്
മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ ഉള്ളതെന്നും തൊഴിൽ അവസരങ്ങളുടെയും ലഭ്യതയുടെയും കാര്യത്തിൽ കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ് യു പി എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി. 1.61 കോടി യുവാക്കൾക്ക് സ്വകാര്യ മേഖലയിലും തൊഴിൽ ലഭിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം നല്ല നിലയിലാണെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു. സാധാരണ ജനങ്ങളല്ല, മറിച്ച് ക്രിമിനലുകളാണ് ഇപ്പോൾ ഉത്തർപ്രദേശ് വിട്ടുപോകുന്നത്. 2017-ന് മുമ്പ് കൈരാന പോലുള്ള പ്രദേശങ്ങളിൽ കച്ചവടക്കാർ ഉൾപ്പെടെയുള്ള ചില ജനവിഭാഗങ്ങൾക്ക് മറ്റു പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ 2017-ന് ശേഷം അതല്ല അവസ്ഥ. ക്രിമിനലുകളാണ് സംസ്ഥാനം വിടുന്നത്. സാധാരണ ജനങ്ങളല്ല. അതാണ് അടിസ്ഥാനപരമായ വ്യത്യാസം.
അഖിലേഷ് യാദവ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ സംസ്ഥാനത്ത് മാഫിയാ രാജാണ് നടമാടിയിരുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അക്കാലത്ത് വികസനം ഉണ്ടായിരുന്നില്ല. ജനജീവിതം അരക്ഷിതമായ നിലയിലായിരുന്നു. തൻ്റെ സർക്കാർ ആ കാഴ്ചപ്പാടാണ് തിരുത്തിക്കുറിച്ചത്.
അസംതൃപ്തരായ ആത്മാവുകളാണ് ബിജെപി വിട്ട് മറ്റു പാർട്ടികളിൽ ചേക്കേറുന്നതെന്ന് യോഗി പറഞ്ഞു. ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.