കെ.എസ്.ആർ.ടി.സി ബസിൽ യുവതി കുഴഞ്ഞുവീണു; ട്രിപ്പ് റദ്ദാക്കി ജീവൻ രക്ഷിച്ച് ജീവനക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ. പാലോട് ഡിപ്പോയിലെ തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചാത്തന്നൂർ സ്വദേശിയും, ഐഎസ്ആർഒ ജീവനക്കാരിയുമായ ബബിതയാണ് (34) തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിൽ കുഴഞ്ഞുവീണത്. കണ്ടക്ടറായ ഷാജിയും ഡ്രൈവർ സുനിൽകുമാറും ട്രിപ്പ് ഉപേക്ഷിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തു. ബസ് ആറ്റിങ്ങൽ പിന്നിട്ടപ്പോൾ യുവതി തല പുറത്തേക്കിട്ട് അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് കണ്ട് സഹയാത്രികരും കണ്ടക്ടറും ചേർന്ന് സീറ്റിൽ നേരെ ഇരുത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു.