യുവജന കമ്മീഷൻ ജില്ലാ അദാലത്ത്: 16 കേസുകൾ തീർപ്പാക്കി

കലാലയങ്ങളിൽ ജെന്റർ എജ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും

കേരള സംസ്ഥാന യുവജന കമ്മീഷൻ കലക്ട്രേറ്റ് ചേംബറിൽ സംഘടിപ്പിച്ച ജില്ലാ അദാലത്തിൽ 16 കേസുകൾ തീർപ്പാക്കി. ആകെ 22 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 6 കേസുകൾ അടുത്ത സിറ്റിംഗിലേയ്ക്ക് മാറ്റി. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോമിൻ്റെ അധ്യക്ഷതയിലാണ് അദാലത്ത് ചേർന്നത്. 10 പരാതികള്‍ പുതിയതായി ലഭിച്ചു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവരുടെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്.

പാഠ്യപദ്ധതിയിൽ ജെന്റർ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന് സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ.ചിന്താ ജെറോം പറഞ്ഞു. ജില്ലാ യുവജനക്ഷേമ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളിൽ ജെന്റർ എജ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീധന പീഡനം സംബന്ധിച്ച് കമ്മീഷൻ്റെ ഇമെയിലിലും വാട്സ്ആപ്പിലും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലകളിൽ സോൺ തിരിച്ച് സിറ്റിങ് നടത്തുന്നുണ്ടെന്ന് അധ്യക്ഷ അറിയിച്ചു.

പൊലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കേസുകൾ അത്തരത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും തുടർ നടപടി വേണ്ടവ കേസെടുത്ത് മുന്നോട്ട് പോകുമെന്നും അധ്യക്ഷ കൂട്ടിചേർത്തു. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ വി.വിനിൽ, പി.മുബഷീർ, കെ.പി ഷജീറ, പി.എ. സമദ്, റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവർ പങ്കെടുത്തു.

Related Posts