റിസോർട്ടിലെ താമസം, 38 ലക്ഷം വാടക; ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. ചിന്താ ജെറോം ഒന്നേമുക്കാല്‍ വർഷം ആഡംബര ഹോട്ടലിൽ താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇ.ഡിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ചിന്ത 38 ലക്ഷം രൂപ വാടക നൽകിയതായും പരാതിയിൽ പറയുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്തയുടെ വാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. കൊല്ലം തങ്കശ്ശേരിയിലെ റിസോർട്ടിൽ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിൽ 8,490 രൂപ പ്രതിദിന വാടകയ്ക്കാണ് ചിന്ത താമസിച്ചിരുന്നത്. ഈ വാടക കണക്കിലെടുത്താൽ ഒന്നേമുക്കാൽ വർഷത്തേക്ക് 38 ലക്ഷം രൂപ വാടക നൽകേണ്ടിവരും. ഈ പണമെല്ലാം എവിടെ നിന്ന് വന്നുവെന്നും പണത്തിന്‍റെ ഉറവിടം എന്താണെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു.