യൂത്ത് ലീഗ് മണ്ഡലംതല നേതൃ സംഗമങ്ങൾക്ക്‌ കയ്പമംഗലത്ത് തുടക്കമായി

കയ്പമംഗലം: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഉണർവ്' സംഘടന കാമ്പയിന്റെ ഭാഗമായുള്ള നിയോജക മണ്ഡലംതല നേതൃസംഗമങ്ങൾക്ക് കയ്പമംഗലത്ത് തുടക്കമായി.

ജില്ലാതല ഉദ്ഘാടനം മതിലകം സീതി സാഹിബ് സ്മാരക കേന്ദ്രത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ നിർവ്വഹിച്ചു. വർഗീയതക്കും കലാപത്തിനും ആഹ്വാനം ചെയ്യുന്നവർക്ക്‌ മാന്യതയുടെ പട്ടം നൽകുന്ന സ്പീക്കർ എം ബി രാജേഷ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് സനൗഫൽ പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയും വംശീയ കൊലപാതകങ്ങളുടെ രക്തം പുരണ്ടവരുമായി ഊഷ്മളമായ ചങ്ങാത്തം നിലനിർത്തുകയും ചെയ്യുന്ന സംഘി - സഖാവ് കോമ്പിനേഷൻ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭാരവാഹികളുടെ പഞ്ചായത്ത് പര്യടന യാത്രക്ക് മുന്നോടിയായാണ് നിയോജക മണ്ഡലം, പഞ്ചായത്ത് തല നേതാക്കളെ വിളിച്ചു ചേർത്തുള്ള നേതൃ സംഗമങ്ങൾ നടത്തുന്നത്. നിയോജക മണ്ഡലം പ്രസിഡണ്ട് സലീം പുറക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ലീഗ്ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറർ കെ കെ സക്കരിയ, സെക്രട്ടറി ടി എ ഫഹദ്, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക്, ജനറൽ സെക്രട്ടറി പി കെ ഹംസ, ട്രഷറർ ടി കെ ഉബൈദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി എം അക്ബറലി, ട്രഷറർ കെ എ നൗഷാദ് എന്നിവർ പങ്കെടുത്തു.

Related Posts