ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് ലീഗ് വിളംബര സമരം നടത്തി

തൃശ്ശൂർ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കേരളപിറവി ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ള ജനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്ന് ജിഷാൻ പറഞ്ഞു. കൊവിഡും മഴക്കെടുതിയും ദുരിതത്തിലാക്കിയ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ദിനംപ്രതിയുള്ള വർധനവെന്നും, ഇന്ധനവിലക്കനുസരിച്ച് ഓരോ മാസവും അധികവരുമാനം ഉണ്ടാക്കേണ്ട ബാധ്യതയാണ് കേന്ദ്രസർക്കാർ വരുത്തിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി യു പി എ സര്‍ക്കാരിന്റെയും യു ഡി എഫ് സര്‍ക്കാരിന്റെയും കാലത്തെ നികുതിയും നിലവിലെ കേന്ദ്ര, കേരള സർക്കാരുകളുടെ നികുതിയും താരതമ്യപ്പെടുത്തുന്ന നോട്ടീസ് പ്രിന്റ് ചെയ്ത് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. താരതമ്യ കണക്കുകള്‍ അടങ്ങിയ ബോര്‍ഡ് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു.

ജില്ലാ പ്രസിഡണ്ട്‌ എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് താണിപ്പാടം, എം എ റഷീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ കെ സക്കരിയ്യ, എ വി അലി, ടി എ ഫഹദ്, ആർ വി ബക്കർ, പി ജെ ജെഫീക്ക്, അസീസ് മന്നലാം കുന്ന്, സി സുൽത്താൻ ബാബു, ചെമ്പൻ ഹംസ, വി എം മനാഫ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഹൈൽ തങ്ങൾ, കെ എ തൻസീം, ടി ആർ ഇബ്രാഹിം പ്രസംഗിച്ചു.

Related Posts