ഒറ്റദിവസം കൊണ്ട് സക്കർബർഗിന് നഷ്ടമായത് 29 ബില്യൺ ഡോളർ
മെറ്റ ഓഹരികളുടെ ഒറ്റ ദിവസത്തെ റെക്കോഡ് വിലയിടിവിൽ ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് നഷ്ടമായത് 29 ബില്യൺ ഡോളർ. അതേസമയം, ആമസോൺ ഓഹരികളുടെ വില കുത്തനെ ഉയർന്നപ്പോൾ ശതകോടീശ്വരൻ ജെഫ് ബെസോസിൻ്റെ വ്യക്തിഗത ആസ്തിയിൽ 20 ബില്യൺ ഡോളറിൻ്റെ വർധനവ് രേഖപ്പെടുത്തി.
മെറ്റയുടെ സ്റ്റോക്ക് വാല്യൂ 26 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കൻ കമ്പനികളുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഒറ്റദിവസ ഇടിവാണ് മെറ്റയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. മെറ്റയുടെ മാർക്കറ്റ് മൂല്യത്തിൽ നിന്ന് 200 ബില്യൺ ഡോളറിലധികമാണ് ഒറ്റയടിക്ക് ഒലിച്ചുപോയത്. കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സക്കർബർഗിന്റെ ആസ്തി ഇതോടെ 85 ബില്യൺ ഡോളറായി കുറഞ്ഞെന്ന് ഫോർബ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു.