സങ്കൽപ്പത്തിന് അപ്പുറമുള്ള ലോകം സൃഷ്ടിക്കാൻ സക്കർബർഗ്; കമ്പനിയുടെ പേര് 'മെറ്റ' എന്നാക്കി, ഫേസ്ബുക്ക് ഉൾപ്പെടെ ആപ്പുകളുടെ പേര് അതേപടി തുടരും

ലോകം മാറുന്നതിനനുസരിച്ച് കമ്പനിയും മാറുകയാണ് എന്ന പ്രഖ്യാപനവുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. കമ്പനിയുടെ കോർപ്പറേറ്റ് നാമം 'മെറ്റ' എന്നാക്കി. അതേസമയം ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്യുലസ് തുടങ്ങിയ ആപ്പുകൾ അതേ പേരുകളിൽ തുടരും. ഡവലപ്പർമാരുടെ വാർഷിക കോൺഫറൻസിലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

'വെർച്വൽ' ലോകത്തെയും 'റിയൽ' ലോകത്തെയും അതിനൂതന സാങ്കേതികവിദ്യയിലൂടെ അതിശയകരമായി സമന്വയിപ്പിച്ച് ഒരു മെറ്റാവേഴ്സ് യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണെന്ന് സക്കർബർഗ് പറഞ്ഞു. നാം ഇന്ന് അനുഭവിക്കുന്ന ലോകത്തിന് അപ്പുറമുള്ള മറ്റൊരു ലോകമാണ് മെറ്റാവേഴ്സ്.

മെറ്റയിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഏതാണ്ട് എന്തും ചെയ്യാൻ നിങ്ങൾക്ക് കഴിയും. സ്ഥലത്തിൻ്റെയും സമയത്തിൻ്റെയും പരിമിതികൾ ഇല്ലാതെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരുക, ജോലി ചെയ്യുക, പഠിക്കുക, കളിക്കുക, ഷോപ്പുചെയ്യുക, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തുക അങ്ങിനെയെന്തും. സോഷ്യൽ ടെക്നോളജിയുടെ ആത്യന്തിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് മെറ്റ നടത്തുന്നത്.

ഭാവിയിൽ, യാത്ര ചെയ്യാതെ തന്നെ ഓഫീസിലോ സുഹൃത്തുക്കളുമൊത്ത് ഏതെങ്കിലും സംഗീതക്കച്ചേരിയിലോ മാതാപിതാക്കളുടെ സ്വീകരണമുറിയിലോ കടന്നുചെല്ലാൻ നിങ്ങൾക്കാവും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനും ട്രാഫിക്കിൽ സമയം കുറയ്ക്കാനും കാർബൺ കാൽപ്പാട് ലഘൂകരിക്കാനും അതുവഴി കഴിയും.

ഭാവിയിൽ ഹോളോഗ്രാമുകൾ മാത്രമായേക്കാവുന്ന ഭൗതിക വസ്തുക്കളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് സക്കർബർഗ് അഭിപ്രായപ്പെട്ടു. ടെലിവിഷനും ഒന്നിലധികം മോണിറ്ററുകളുള്ള വർക്ക് സെറ്റപ്പുകളും ബോർഡ് ഗെയിമുകളുമെല്ലാം ലോകമെമ്പാടുമുള്ള സ്രഷ്‌ടാക്കൾ രൂപകൽപ്പന ചെയ്‌ത ഹോളോഗ്രാമുകളായി മാറും.

വ്യത്യസ്‌ത ഉപകരണങ്ങളിൽ നിങ്ങൾ ഈ അനുഭവങ്ങളിലൂടെ സഞ്ചരിക്കും. ഭൗതിക ലോകത്ത് നിലനിൽക്കാൻ ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ, പൂർണ്ണമായും മുഴുകാൻ വെർച്വൽ റിയാലിറ്റി, നിലവിലുള്ള പ്ലാറ്റ്‌ഫോമുകളിൽനിന്ന് മറ്റൊന്നിലേക്ക് ചാടാൻ ഫോണുകളും കമ്പ്യൂട്ടറുകളും. ഇത് സ്‌ക്രീനുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചല്ലെന്നും നാം ഇപ്പോൾതന്നെ ചെലവാക്കുന്ന സമയം മികച്ചതാക്കുന്നതിനെക്കുറിച്ചാണെന്നും സക്കർബർഗ് പറഞ്ഞു.

ഏതെങ്കിലും ഒരു കമ്പനി മാത്രമായല്ല മെറ്റാവേഴ്‌സ് എന്ന ഈ പുതിയ ലോകം സൃഷ്ടിക്കുന്നത്. പുതിയ അനുഭവങ്ങളും ഡിജിറ്റൽ ഇനങ്ങളും നിർമിക്കുന്ന സ്രഷ്‌ടാക്കളും ലോകമെങ്ങുമുള്ള ഡവലപ്പർമാരും ചേർന്നാണ് അത് സാധ്യമാക്കുക. വലിയൊരു സർഗാത്മക സമ്പദ്‌വ്യവസ്ഥയാണ് അൺലോക്ക് ചെയ്യപ്പെടാൻ പോകുന്നത്. സ്വകാര്യതയും സുരക്ഷയും ആദ്യദിവസം മുതൽ മെറ്റാവേഴ്സിലേക്ക് ഉൾച്ചേർക്കുമെന്ന് സക്കർബർഗ് ഉറപ്പു നൽകി. ഭാവി നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

Related Posts