ഞായറാഴ്ച നടന്ന പാർലമെന്റിൽ വിശ്വാസവോട്ടിൽ ഐക്യസർക്കാർ 59-നെതിരേ 60 സീറ്റുനേടി ഭൂരിപക്ഷം തികച്ചു.
ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം.
ജറുസലേം:
ഞായറാഴ്ച നടന്ന പാർലമെന്റിൽ വിശ്വാസവോട്ടിൽ പ്രതിപക്ഷ കക്ഷികൾ രൂപവത്‌കരിച്ച ഐക്യസർക്കാർ ഭൂരിപക്ഷം നേടി. ഇതോടെ ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യമായി. 59-നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാകും പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യഊഴം ലഭിക്കുക. 2023 സെപ്റ്റംബർ വരെയാകും ബെന്നറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും. 49-കാരനായ ബെന്നറ്റ് നെതന്യാഹുവിന് കീഴിൽ പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
എല്ലാ ഇസ്രയേലികളുടെയും പ്രധാന മന്ത്രിയായിരിക്കുമെന്നും നേട്ടങ്ങൾ ഏറെയുള്ള നീണ്ടകാലത്തെ സേവനങ്ങൾക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നതായും പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബെന്നറ്റ് അറിയിച്ചു.