എതിരില്ലാതെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക്.

ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ് രാജ്യസഭാംഗങ്ങള്‍.

തിരുവനന്തപുരം:

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. നടപടിക്രമം നിയമസഭാ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ നിയമസഭയുടെ കാലാവധി മേയ് 2ന് അവസാനിക്കുംമുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവു വന്നിരുന്നു. നേരത്തേ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ഇറക്കിയില്ല. ഇതേത്തുടർന്നാണ് നിയമസഭാ സെക്രട്ടറിയും എസ് ശർമ എംഎൽഎയും ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 21ന് കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞിരുന്നു.

Related Posts