എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്‌പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു

നിയമ സഭയിലേക്കുള്ള കന്നിയംഗത്തിൽ തൃത്താല മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ്‌ ഇനി കേരള നിയമസഭയുടെ സ്‌പീക്കർ.

തിരുവനന്തപുരം:

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് ഇനി നിയമസഭയിൽ അംഗങ്ങളോട്‌ ചോദ്യം ചോദിക്കാൻ ആവശ്യപ്പെടുന്ന സഭയുടെ നാഥൻ. നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തൃത്താല മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ്‌ രണ്ട്‌ തവണ പാലക്കാട്‌ നിന്നുള്ള ലോകസഭാ അഗംമായിരുന്നു. പാർലമെന്റിൽ പാലക്കാടിന്റെ ശബ്ദം മാത്രമല്ല, കേരളത്തിന്റെ ആകെ ശബ്ദമായി മാറാൻ കഴിഞ്ഞ ആത്മവിശ്വാസവുമായാണ്‌  സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗമായ എം ബി രാജേഷ്‌ സഭാനാഥനാകുന്നത്‌. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എസ്‌എഫ്‌ യൂണിറ്റ്‌ സെക്രട്ടറിയായാണ്‌ ബി രാജേഷ്‌  സംഘടനാ പ്രവർത്തനം തുടങ്ങിയത്‌. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടിയുട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 2009ലും 2014ലും പാലക്കാ‌ട് നിന്ന് പാർലമെന്റ് അംഗമായി പാർലമെന്റിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാർലമെന്റംഗത്തിനുള്ള  പുരസ്കാരം, ചെറിയാൻ ജെ കാപ്പൻ പുരസ്കാരം, കോട്ടയം ലയൺസ് ക്ലബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർ‍ഡ് എന്നിവ ലഭിച്ചു. എട്ട്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജാലിയൻവാലാബാഗ്‌ കൂട്ടകൊലയിൽ നൂറ്‌വർഷത്തിനുശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞത്‌ എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടർന്നായിരുന്നു. മികച്ച പാർലമെന്റേറിയൻ കൂടിയായ രാജേഷ്‌ ബ്രീട്ടിഷ്‌ വിദേശകാര്യവകുപ്പ്‌ തെരഞ്ഞെടുത്ത ഏഴ്‌ പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു. ഇവർക്ക്‌ ലണ്ടൻ കിങ്‌സ്‌ കോളേജിൽ സ്വീകരണവും നൽകിയിരുന്നു.   

ആനുകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള രാജേഷ്‌ ഇംഗ്ലിഷ്‌ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്‌. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം കെ രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി (അധ്യാപിക). മക്കൾ: നിരഞ്ജന, പ്രിയദത്ത.

 

Related Posts