ഹെൽപ് ഡെസ്ക് കേന്ദ്രങ്ങളിൽ മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ മറ്റ് ജനപ്രതിനിധികളോടൊപ്പം സന്ദർശനം നടത്തി.
കൊവിഡ് പ്രതിരോധിക്കാൻ മുഴുവൻ വാർഡുകളിലും ഹെൽപ് ഡെസ്ക് ആരംഭിച്ച് മതിലകം പഞ്ചായത്ത്.
മതിലകം:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങളുമായി മതിലകം ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചാണ് പ്രതിരോധത്തിന്റെ പുതിയ മേഖലയിലേക്കുള്ള ചുവട് വെപ്പ്.
പഞ്ചായത്തിലെ 17 വാർഡുകളിലും ഹെൽപ് ഡെസ്ക് കേന്ദ്രങ്ങൾ സജ്ജീകരിച്ചതോടെ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനായി. ഓരോ വാർഡിലും നിലവിലുള്ള അങ്കണവാടികൾ, വായനശാലകൾ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. വാർഡിലെ കൊവിഡ് ബാധിതരോ ക്വാറൻന്റൈനിലിരിക്കുന്നവരോ ആയവർക്ക് ഏത് സമയവും ഈ കേന്ദ്രങ്ങളിൽ ബന്ധപ്പെടാം. കേന്ദ്രങ്ങളുടെ ചുമതലക്കായി സർക്കാർ ജീവനക്കാരും അധ്യാപകരുമായ 72 പേരെയും നിയോഗിച്ചിട്ടുണ്ട്. അതത് വാർഡ് അംഗങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ അങ്കണവാടി, കുടുംബശ്രീ, ആർ ആർ ടികൾ എന്നിവരുടെ സഹകരണവുമുണ്ട്.
ഡ്യൂട്ടിക്ക് നിയോഗിച്ചവർക്കും ആർ ആർ ടി അംഗങ്ങൾക്കും ബന്ധപ്പെട്ട ഡോക്ടറുടെ നേതൃത്വത്തിൽ ഏകദിന പരിശീലനവും നൽകി. ഇവർ രോഗികളുമായി നിരന്തരം ക്ഷേമാന്വേഷണം നടത്തി ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ ഈ കേന്ദ്രങ്ങൾ വഴി നൽകുന്നു.
ഹെൽപ് ഡെസ്കിന് പുറമെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിലാണ് പഞ്ചായത്ത്. ഇതിനകം വാക്സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും പ്രാഥമിക കണക്ക് ശേഖരണം അവസാനഘട്ടത്തിലാണ്. ഗ്രാമസഭകൾക്ക് ബദലെന്നോണം വീട്ടിലിരുന്ന് പങ്കെടുക്കാവുന്ന വിധത്തിൽ ഓൺലൈൻ ജനസഭകൾ ഇതിനകം രണ്ട് വാർഡുകളിലും സംഘടിപ്പിച്ചു. ബാക്കിയുള്ള വാർഡുകളിലും ഓൺലൈൻ ജനസഭകൾ ഉടൻ പൂർത്തിയാകും. വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നത് കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പഞ്ചായത്ത്തല വാർ റൂമും പ്രവർത്തിക്കുന്നുണ്ടെന്ന് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ പറഞ്ഞു.