പി പി കിറ്റ് ധരിച്ചെത്തിയ വധുവിനെ വരൻ താലിചാർത്തി.
കൊവിഡ് ബാധിതന് വിവാഹ വേദിയൊരുക്കി ആലപ്പുഴ മെഡിക്കൽ കോളേജ്.
അമ്പലപ്പുഴ:
കൊവിഡ് ബാധിതനായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വരൻ പി പി കിറ്റ് ധരിച്ചെത്തിയ വധുവിനെ നിശ്ചയിച്ച മുഹൂർത്തത്തിൽ താലിചാർത്തി. കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ ശശിധരൻ - ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ് ശരത് മോനും, ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പിൽ പി എസ് സുജി-കുസുമം സുജി ദമ്പതികളുടെ മകൾ അഭിരാമി ( ശ്രീക്കുട്ടി) യും തമ്മിലുള്ള വിവാഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നത്. ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഞായറാഴ്ച 12 നും 12:20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം. ശരത്തിന്റെ അമ്മ ജിജി, അഭിരാമിയുടെ മാതൃസഹോദരീ ഭർത്താവ് മഹേഷ്, ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അജയൻ, ഡ്യൂട്ടി ഡോക്ടർ ഹരിഷ്, ഹെഡ് നേഴ്സ് സീനമോൾ, സ്റ്റാഫ് നേഴ്സ് ജീന ജോർജ് എന്നിവരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ചടങ്ങുകൾക്കു ശേഷം വരൻ കൊവിഡ് വാർഡിലേക്കും വധു വധുഗൃഹത്തിലേക്കും യാത്രയായി.