ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുത്തു.
തിരുവനന്തപുരം :
കെപിസിസിയുടെ പുതിയ അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റേതാണ് തീരുമാനം. പ്രവർത്തകർക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നേതാവ് കെപിസിസിയുടെ തലപ്പത്ത് എത്തുമ്പോൾ കോൺഗ്രസ് പ്രസ്ഥാനം പുത്തൻ ഉണർവ് പ്രതീക്ഷിക്കുന്നു. നിലവിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എം.പിയുമായ കെ.സുധാകരൻ ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ്കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു കൊണ്ടുള്ള തീരുമാനം ഉണ്ടായത്.
സ്കൂൾ കാലഘട്ടത്തിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. തലശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് നിയമ പഠനവും പൂർത്തിയാക്കി. 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പമായിരുന്നു. പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായെങ്കിലും അധികം വൈകാതെ കോൺഗ്രസിൽ തരിച്ചെത്തി. 1991ൽ കെ സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡന്റായി . സിപിഎമ്മിന്റെ കയ്യൂക്കിന് മുന്നിൽ കീഴടങ്ങാതെ സുധാകരൻ പാർട്ടിയെ നയിച്ചു. 91-ൽ എടക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന സുധാകരന്റെ പരാതി അംഗീകരിച്ച ഹൈക്കോടതി ഒ. ഭരതന്‍റെ വിജയം അസാധുവാക്കി. അങ്ങനെ ആദ്യമായി നിയമ സഭയിൽ എത്തി.
1996, 2001, 2006 വർഷങ്ങളിൽ കണ്ണൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി. എം എൽഎ ആയിരിക്കെ 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂരിൽ നിന്നുള്ള എംപിയായി.