ജോൺ ബ്രിട്ടാസും വി ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികൾ.
ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്.
തിരുവനന്തപുരം: സിപിഎം രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും കൈരളി ടിവി എം ഡിയുമായ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. വി ശിവദാസനും സി പി എമ്മിൻ്റെ രാജ്യസഭ സ്ഥാനാർത്ഥികളാകും. തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിൽ. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം. യുഡിഎഫിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി വി അബ്ദുൾ വഹാബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോൺ ബ്രിട്ടാസ് കെ മോഹനന് ശേഷം പാർട്ടി മാധ്യമ സ്ഥാപനത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന വ്യക്തി കൂടിയാണ്. ഡോ.വി ശിവദാസൻ എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായിരുന്നു. കാലാവധി കഴിഞ്ഞ രാജ്യസഭാംഗമായ കെ കെ രാഗേഷിന് ഇക്കുറി സീറ്റില്ല. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഐഎമ്മിനുളളിൽ നിലവിലെ ധാരണ.