തീരസംരക്ഷണത്തിനും വാക്സിനേഷനും പ്രഥമ പരിഗണന; തീരദേശ മണ്ഡലമായ കയ്പമംഗലത്തിന് ആശ്വാസമേകി സംസ്ഥാന ബജറ്റ്.

തീരസംരക്ഷണത്തിനും വാക്സിനേഷനും പ്രഥമ പരിഗണന വന്നതിൽ സന്തോഷമുണ്ടെന്നും ഒരോ പദ്ധതിയും പൂർത്തീകരിക്കാനുള്ള പരിശ്രമം തുടരുമെന്നും എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ.

തിരുവനന്തപുരം:

സംസ്ഥാന സർക്കാരിന്റെ 2021-22 ബജറ്റിൽ  കടൽഭിത്തി തകർന്ന് പോയ സ്ഥലങ്ങളിലും കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും നൂതന മാർഗമായ ടെട്രോപോഡുകളും ഡയഫ്രം മതിലുകളും ഉപയോഗിച്ച് തീരസംരക്ഷണം സാധ്യമാക്കുന്ന പദ്ധതിക്ക് 5300 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. അതിനാൽ കടൽക്ഷോഭ ഭീഷണി നേരിടുന്ന കയ്പമംഗലത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ ബജറ്റ്. 

ബജറ്റിൽ തീരസംരക്ഷണത്തിനും വാക്സിനേഷനും പ്രഥമ പരിഗണന വന്നതിൽ സന്തോഷമുണ്ടെന്നും ഒരോ പദ്ധതിയും പൂർത്തീകരണത്തിലേക്ക് എത്തിക്കാൻ അശ്രാന്ത പരിശ്രമം തുടരുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. തീരസംരക്ഷണത്തിന് പുറമെ 2021ലെ വാർഷിക ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും തുടരുമെന്നുള്ള തീരുമാനവും അങ്ങേയറ്റം ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികളിൽ തീരദേശ ഹൈവേ ഉൾപ്പെടുത്തിയത് കയ്പമംഗലത്തിന് വലിയ പ്രയോജനം ചെയ്യും. ഏഴ് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അഴീക്കോട് മുതൽ ചാമക്കാല വരെയുള്ള റോഡിന്റെ സാക്ഷാത്കാരം മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. അഴീക്കോട്- മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ശ്രദ്ധേയമായതും വിപുലമായതുമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തുക മുഴുവൻ മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കും. 

50 മീറ്റർ കടലിനോട് ചേർന്ന് ദൂരപരിധിയിൽ താമസിക്കുന്നതും 'പുനർഗേഹ'ത്തിൽ ഉൾപ്പെടാത്തതുമായ മുഴുവൻ ആളുകൾക്കും വീടും സ്ഥലവും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കയർഭൂവസ്ത്രം വിരിച്ച വലിയതോട് പെരുംതോട് സംരക്ഷണത്തിനായി ഒന്നര കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്. മതിലകം അഗ്രോ സെന്ററിന്റെ സമഗ്ര വികസനത്തിനായി ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചത്  കാർഷികരംഗത്ത്  നിയോജകമണ്ഡലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 

നാട്ടുകാരനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന ബഹദൂറിൻ്റെ ബഹുമാനാർത്ഥം ബഹദൂർ സ്മാരക സിനിമ തിയ്യറ്റർ അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിൽ നിർമിക്കുന്നതിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തീരപ്രദേശത്തെ കായിക മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന കാര മൈതാനം സ്‌റ്റേഡിയമാക്കി മാറ്റുന്നതിന് ഒന്നര കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിൻ്റെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കെട്ടിടം വിപുലീകരണത്തിനായി രണ്ട് കോടി, തീരദേശ മേഖലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കയ്പമംഗലം വഞ്ചിപ്പുരയിൽ മത്സ്യ സംസ്കരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് 3 കോടി, എടവിലങ്ങ് പഞ്ചായത്തിൽ ചുറ്റുമതിലോട് കൂടിയ ആധുനിക ക്രിമിറ്റോറിയത്തിന് ഒന്നര കോടി, മൂന്നുപീടിക സുജിത്ത് റോഡ്  ബി എം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിന് രണ്ട് കോടി, തഴപ്പായ വ്യവസായത്തെ കൈ പിടിച്ചുയർത്തുന്നതിന് വേണ്ടി എടവിലങ്ങ് കൈതോല കൃഷി വ്യാപനത്തിനും ആധുനികവൽക്കരണത്തിനുമായ് 50 ലക്ഷം രൂപ, മതിലകം രജിസ്ട്രാർ ഓഫീസ് അറ്റകുറ്റപണികൾക്കായി ഒരു കോടി, മതിലകം ഗ്രാമ പഞ്ചായത്ത് സ്റ്റോഡിയത്തിന് ഒരു കോടി, എടത്തിരുത്തി ഐ ടി ഐ യ്ക്ക് പുതിയ കെട്ടിട നിർമാണത്തിനായി ഒന്നര കോടി,  അഴീക്കോട് ഹാർബറിൽ ആധുനിക രീതിയിൽ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് 50 ലക്ഷം, ശ്രീനാരായണപുരം പി വെമ്പല്ലൂർ കമ്പനിക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ സ്ഥാപിക്കുന്നതിന് രണ്ട് കോടി, മൂന്നുപീടികയിൽ മത്സ്യ വിപണന മാർക്കറ്റും ഷോപ്പിങ് കോംപ്ലക്സ് കെട്ടിട സമുച്ചയത്തിനുമായി ഏഴ് കോടി, കെ എസ് ചാത്തുണ്ണി മെമ്മോറിയൽ ശാസ്ത്ര സാങ്കേതിക മ്യൂസിയവും എക്സിബിഷൻ സെൻ്ററും സ്ഥാപിക്കുന്നതിന് രണ്ട് കോടി, എടത്തിരുത്തി മുരുകൻ റോഡ് ബി എം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിനും കാന നിർമ്മാണത്തിനുമായി രണ്ട് കോടി, ശ്രീനാരായണപുരം പതിയാശ്ശേരി പാലം വാട്ടർ ടാങ്ക് റോഡിന് മൂന്ന് കോടി എന്നിങ്ങനെ തീരദേശവാസികൾക്കും  പ്രവാസികൾക്കും ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ആവശ്യപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും അനുഭാവപൂർവ്വം സർക്കാർ പരിഗണിച്ചത് ജനങ്ങൾക്കുളള അംഗീകാരമായി കണക്കാക്കുന്നുവെന്നും ഇത് വികസനത്തിന്റെ കുതിച്ച് ചാട്ടത്തിലേക്ക് നയിക്കുമെന്നും  എം എൽ എ അഭിപ്രായപ്പെട്ടു.

Related Posts