ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരേ നിയമപോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ് ദ്വീപ്.
നിയമപോരാട്ടങ്ങൾക്ക് തയ്യാറെടുത്ത് ലക്ഷദ്വീപ് നിവാസികൾ.
കൊച്ചി:
ഏകപക്ഷീയമായ പുതിയ നിയമങ്ങൾ കൊണ്ടുവന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റാത്തപക്ഷം നിയമപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ലക്ഷദ്വീപ് നിവാസികൾ ആലോചിക്കുന്നത്. ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരേ നിയമപോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ് ദ്വീപ്. ഇക്കാര്യത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ലക്ഷദ്വീപ് പ്രശ്നങ്ങളുടെ കേന്ദ്രസ്ഥാനമായ ബംഗാരം ദ്വീപിൽ റിസോർട്ട് നടത്തുന്നതിനു കോടതിയിൽ നൽകിയ സത്യവാങ്മൂലം ലംഘിച്ചതാണ് പ്രധാനവിഷയമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബംഗാരത്ത് റിസോർട്ട് നടത്താൻ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻഡ് സ്പോർട്സിനു അനുമതി നൽകിയപ്പോൾ പ്രാദേശിക തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു കോടതിയുടെ നിർദേശമുണ്ടായിരുന്നു. പ്രാദേശിക തൊഴിലാളികളെ നിയമിക്കുമെന്ന് സത്യവാങ്മൂലവും നൽകിയിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റർ ഇപ്പോൾ നടത്തുന്ന പിരിച്ചുവിടലുകൾ സത്യവാങ്മൂലത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ് ലക്ഷദ്വീപിലെ രാഷ്ട്രീയപ്പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. കോടതി സത്യവാങ്മൂലം ലംഘിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും ദ്വീപ് നിവാസികൾ നിയമപോരാട്ടത്തിന്റെ വഴിയിലേക്കു കടക്കുന്നത്. വ്യാഴാഴ്ച ലക്ഷദ്വീപിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.