പൂരം - സാംസ്‌കാരിക അഭ്യർത്ഥനാ ജാഗ്രത.

തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ധമനികളിൽ പ്രധാനമായ തൃശൂർ പൂരത്തെ കുറിച്ചുള്ള ഓരോ ചെറിയ സ്പന്ദനങ്ങളും പൂരപ്രേമികളെ സംബന്ധിച്ച് വിഷയം തന്നെയാണ് .

തൃശ്ശൂർ പൂരം മാറ്റിവെക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക പ്രവർത്തകർ .

ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഉണ്ടങ്കിലും ഈ അഭ്യർത്ഥനക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പൂരപ്രേമികളുടെയും നാട്ടുകാരുടെയും വലിയ പ്രതിക്ഷേധമാണ് ഉയരുന്നത് . തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ധമനികളിൽ പ്രധാനമായ തൃശൂർ പൂരത്തെ കുറിച്ചുള്ള ഓരോ ചെറിയ സ്പന്ദനങ്ങളും പൂരപ്രേമികളെ സംബന്ധിച്ച് വിഷയം തന്നെയാണ് .

പൂരത്തെ നെഞ്ചേറ്റിയ, പൂരത്തെ ലോകത്തിലെ വലിയ ആഘോഷങ്ങളിൽ ഒന്നാക്കിയ, തലമുറകളായി എല്ലാവരുടെയും ആഘോഷമാക്കിയ പൂരം, തൃശൂർക്കാരനെ സംബന്ധിച്ച് ലോകത്തിനുള്ള അവന്റെ പൂരമാണ് . സാഹോദര്യത്തിന്റെ, കൂടിച്ചേരലിന്റെ പൂരം.

അതിനാൽ തന്നെ ഈ അഭ്യർത്ഥന ഇന്നത്തെ സാഹചര്യത്തിൽ കാമ്പുള്ളതാണെങ്കിലും , സമീപകാല ഇലക്ഷൻ പ്രചരണ സമയങ്ങളിൽ ഒന്നും കാണിക്കാത്ത "അഭ്യർത്ഥനാ ജാഗ്രത" പൂരത്തിന് കൊടികയറിയ സമയത്ത് വരുമ്പോൾ ആ അഭ്യർത്ഥനയിൽ ഒരു ആത്മാർത്ഥത കുറവ് ജനത്തിന് തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല . കാരണം നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു വളരെ ചിട്ടയായി നടത്തുന്ന പൂരം മാറ്റിവെക്കണം എന്ന് പറയുന്നതു യുക്തിക്കു നിരക്കുന്നതായി തോന്നുന്നില്ല .

മാറ്റി വെക്കുക എന്ന പ്രയോഗം തന്നെ അപ്രസക്തമാണെന്നു പറയുന്നതാവും ശരി . പൂരം നിർത്തി വെക്കാൻ അഭ്യർത്ഥന നടത്തുക എന്നതാവും അതിന്റെ ശരി . നമ്മുടെ നാട്ടിലെ പൂരങ്ങളുടെ ദിവസം നിശ്ചയിക്കുന്നതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവർ എല്ലാ ഈ അഭ്യർത്ഥന നടത്തിയവർ എന്ന് മനസ്സിലാക്കാവുന്നതാണ് അതിനാൽ പൂരം മാറ്റിവെക്കുക എന്ന പ്രയോഗത്തിന് തന്നെ പ്രസക്തി ഇല്ല . വേണമെങ്കിൽ നമുക്ക് നിർത്തലാക്കാം എന്ന് പറയാം. അങ്ങിനെ പറയാതെ മാറ്റിവെക്കാം എന്ന് പറയുന്നതിലെ പ്രായോഗിക ബുദ്ധി വളരെ രസകരമായി തോന്നി .

ആഘോഷങ്ങൾ നിർത്തി വെക്കുന്നതിനോട് വിയോജിപ്പ് ഒന്നുമില്ല എന്നാൽ ഇവിടെ പരാമർശിക്കുന്നത് ചില സാംസ്‌കാരിക പ്രവർത്തകരുടെ ജാഗ്രത ചില വിഷയങ്ങളിൽ മാത്രം ഒതുങ്ങി പോവുന്നു എന്ന വിമർശനം കൂടി ഉയരുന്ന പശ്ചാത്തലത്തിൽ ആണ് . അതെ സാംസ്‌കാരിക മണ്ഡലത്തിൽ നിൽക്കുന്നവരും ജാഗ്രത കാണിക്കണം . ആകാശത്തിനു കീഴിലെ എല്ലാത്തിനും അഭിപ്രായം പറഞ്ഞില്ലെങ്കിലും ഇത് പോലെ സാമൂഹിക പ്രതിബദ്ധത ഉള്ള പ്രതികരണങ്ങൾ നല്ല കാര്യം തന്നെ. അതിനെ സ്വാഗതം ചെയ്യുന്നു പക്ഷെ ഇതേ സ്വഭാവത്തിൽ നിങ്ങളുടെ കണ്മുന്നിൽ നടന്ന നിരവധി കൂടിച്ചേരലുകൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞില്ലേ "അഭ്യർത്ഥനാ ജാഗ്രത" പുലർത്താൻ കഴിഞ്ഞില്ലേ എന്ന ചോദ്യമുയരുമ്പോൾ നാം തെറ്റ് ആവർത്തിക്കണോ എന്ന ലളിതമായ മറുചോദ്യം ചോദിക്കാമെങ്കിലും, നിങ്ങൾ ചൂണ്ടിക്കാട്ടാൻ ഉയർത്തിയ കൈ നിങ്ങൾക്ക് നേരെയും തിരിയും, തിരിയണം, സ്വയം വിമർശനം നടത്തണം . കാരണം നിങ്ങൾ പറയേണ്ടവർ തന്നെയാണ് പക്ഷെ ആദ്യം പറയേണ്ടത് അവസാനം പറഞ്ഞാൽ അതിന്റെ അർത്ഥം മാറും! ഗൗരവം ചോരും ! അതിനാൽ ജാഗ്രത കാട്ടുക .

Related Posts