ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടിക്ക്‌ മികച്ച പ്രതികരണം.

നിർദേശങ്ങളും പരാതികളും ജനങ്ങളിൽനിന്ന് നേരിട്ടറിയാൻ ഭക്ഷ്യമന്ത്രി ആരംഭിച്ച ഫോൺ ഇൻ പരിപാടിക്ക്‌ മികച്ച തുടക്കം.

തിരുവനന്തപുരം:

ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും പരാതികളും ജനങ്ങളിൽനിന്ന് നേരിട്ടറിയാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആരംഭിച്ച ഫോൺ ഇൻ പരിപാടിയുടെ ആദ്യ ദിനത്തിലാണ് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതൽ സിവിൽ സപ്ലൈസ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നതുവരെയുള്ള ആവശ്യങ്ങൾ ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് സാധാരണക്കാരായ ജനങ്ങളുടെ നിരവധി കോളുകൾ ആണ് വരുന്നത്.
ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും റേഷൻ കടകളിൽനിന്ന് സാധനം വാങ്ങാൻ ക്യൂ ഒഴിവാക്കണമെന്നതായിരുന്നു ഒരു ആവശ്യം. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളിയിൽ മുൻഗണനാ വിഭാഗത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് മുൻഗണനേതര വിഭാഗങ്ങൾക്കുള്ള റേഷൻ കാർഡാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം വേണമെന്നുമായിരുന്നു മറ്റൊരാവശ്യം. ഇതിൽ അടിയന്തര നടപടിക്ക്‌ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലൈസൻസി റേഷൻ കട തുറക്കുന്നില്ലെന്നും പകരം പലവ്യഞ്ജനക്കട റേഷൻ കടയോടു ചേർന്ന് നടത്തുന്നതായും പരാതിയുണ്ടായി. സിവിൽ സപ്ലൈസിന് കീഴിലുള്ള മെഡിക്കൽ സ്റ്റോറുകളിലെ നിയമനത്തിനുള്ള ഫാർമസിസ്റ്റ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹതയുള്ള പരമാവധി പേർക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

Related Posts