മെഗാ വാക്സിനേഷൻ ക്യാമ്പുമായി മതിലകം പഞ്ചായത്ത്.
മതിലകം :
കൊവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പുമായി മതിലകം ഗ്രാമപഞ്ചായത്ത്. ഞായറാഴ്ച നടന്ന ക്യാമ്പിൽ 500 ഡോസ് വാക്സിനാണ് നൽകിയത്. 300 സെക്കൻ്റ് ഡോസ് വാക്സിനും ബാക്കി ഫസ്റ്റ് ഡോസുമാണ് നൽകിയത്. വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്ത സീനിയോറിറ്റി അനുസരിച്ച് 45 വയസ് കഴിഞ്ഞവരെ പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്താണ് വാക്സിൻ നൽകിയത്. ലഭ്യതക്ക് അനുസരിച്ച് മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ച് എല്ലാവർക്കും വാക്സിൻ ഉറപ്പ് വരുത്തും. പഞ്ചായത്തിൽ ഇതുവരെയായി 6320 ഡോസ് രണ്ട് സെക്ഷനിലുമായി നൽകിക്കഴിഞ്ഞു. 20 ശതമാനം ആളുകൾക്ക് ഫസ്റ്റ് ഡോസും നൽകി.
ക്യാമ്പിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, ബ്ലോക്ക് അംഗം ഷീജ ബാബു, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ മുഹമ്മദ് ഫാരിസ് എന്നിവർ പങ്കെടുത്തു.