മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിളള അന്തരിച്ചു.

മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു.

കൊല്ലം:

മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും ആയ ആർ ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകൻ കെ ബി ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം ജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർഥിയായിരിക്കേ രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ചു.

കോൺഗ്രസിലൂടെയായിരുന്നു സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 1964-ൽ കേരളാ കോൺഗ്രസ് സ്ഥാപകനേതാക്കളിൽ ഒരാളായി. 1976-ൽ കേരള കോൺഗ്രസ് ചെയർമാൻ കെ എം ജോർജിന്റെ മരണത്തെ തുടർന്ന് എം മാണിയും ആർ ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977 ൽ ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് 1977-1982 കാലഘട്ടത്തിൽ എൽ ഡി എഫിനൊപ്പവും 1982- 2015 കാലഘട്ടത്തിൽ യു ഡി എഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ കേരള കോൺഗ്രസ് ബി എൽ ഡി എഫിനൊപ്പമാണ്.

1975-ൽ ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത് സി അച്യുത മേനോൻ സർക്കാരിലൂടെ ആണ്. ഗതാഗതം, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. തുടർന്ന് 1980-82, 82-85,86-87 വർഷങ്ങളിൽ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവിൽ ഗതാഗത വകുപ്പുമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ മാവേലിക്കരയിൽനിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1960,1965,1977,1980,1982,1987,1991,2001 വർഷങ്ങളിൽ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പിൽ മത്സരിച്ചത്. കൊട്ടാരക്കരയിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന ബാലകൃഷ്ണപിള്ള സി പി എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ൽ കേരള മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിക്കപ്പെട്ടു.

ഇന്നലെ മകൻ ഗണേഷ് കുമാറിന്റെ വിജയം അറിഞ്ഞിരുന്നു.

ആർ വത്സലയാണ് ഭാര്യ. സിനിമാനടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ് കുമാർ, ഉഷ, ബിന്ദു എന്നിവരാണ് മക്കൾ.

Related Posts