ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളും പ്രവർത്തനങ്ങളിൽ സജീവമാണ്.
രണ്ടാം തരംഗത്തിലും പ്രവർത്തനം ഊർജ്ജിതമാക്കി മതിലകം ബ്ലോക്ക്.
മതിലകം:
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും ആദ്യഘട്ടത്തേക്കാൾ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളും പ്രവർത്തനങ്ങളിൽ സജീവമാണ്. പഞ്ചായത്തുകൾ തോറും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈൻ യോഗങ്ങൾ സംഘടിപ്പിച്ചു. കവലകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണ നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും ഒട്ടിച്ചു. വാർഡുതല ജാഗ്രതാ സമിതികൾ പുന:സംഘടിപ്പിച്ചു. ക്വാറന്റൈനിൽ ഉള്ളവർക്ക് സഹായം നൽകുന്നതിനായി വാർഡുതല ഹെൽപ് ലൈൻ കേന്ദ്രങ്ങൾ, പഞ്ചായത്തു തലത്തിൽ വാക്‌സിൻ കേന്ദ്രങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ എന്നിവ സജ്ജമാണ്.
കൊവിഡ് ബാധിച്ചവർ, സമ്പർക്കത്തിലുള്ളവർ തുടങ്ങി എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുവാൻ ജാഗ്രതാ സമിതി അംഗങ്ങളെയും ചുമതലപ്പെടുത്തി. ഹെൽത്ത് ഇൻസ്‌പെക്‌ടറിന്റെയും പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ പരിശോധനകൾ വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ സി എഫ് എൽ ടി സികൾ ഒന്നും തന്നെയില്ലെങ്കിലും രണ്ട് ഡി സി സികൾ പ്രവർത്തിക്കുന്നുണ്ട്. എറിയാട് പഞ്ചായത്തിലെ അഴീക്കോട് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഒരെണ്ണം. ഒരേ സമയം നൂറില്‍ താഴെ ആളുകളെ വരെ കിടത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. രണ്ടാമത്തേത് ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിന്റെ ലേഡീസ് ഹോസ്റ്റലാണ് ഡി സി സി ആയി പ്രവര്‍ത്തിക്കുന്നത്. 50 പേരെ വരെ ഉള്‍ക്കൊള്ളാമെങ്കിലും നിലവില്‍ 16 രോഗികളാണുള്ളത്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണവും ആവശ്യസാധനങ്ങളും ഇവിടങ്ങളിലേക്ക് എത്തിച്ചു നൽകുന്നു. എടവിലങ്ങ് പഞ്ചായത്തിലെ ജി യു പി എസ് എടവിലങ്ങും, എം എം ഓഡിറ്റോറിയവും എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാലയില്‍ റാഷിദ് ഇസ്ലാമിക് കോളേജും ഡി സി സികളായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും നിലവില്‍ രോഗികളില്ല.
നിലവില്‍ രണ്ട് പഞ്ചായത്തുകളിൽ ഒഴികെ ഓക്സിജന്‍ സപ്ലൈ ആവശ്യമില്ലാത്ത സാഹചര്യമാണ് ഉള്ളത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് മുഴുവന്‍ സമയവും ഒക്സിജന്‍ ലഭ്യമാകത്തക്കവിധം ആംബുലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. മതിലകം ട്രാന്‍സ്‌ഗ്ലോബല്‍ ഡ്രൈ പോര്‍ട്ടിലെ കെട്ടിടത്തിൽ 500 ഓക്‌സിജൻ കിടക്കകളോട് കൂടിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കാനും പദ്ധതിയുണ്ട്. വിശാലമായ സൗകര്യങ്ങളുള്ള ഇവിടെ ട്രീറ്റ്‌മെന്റ് സെന്ററിനാവാശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തയ്യാറാക്കിയാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാനാകും.