കോഴിക്കോട് സോളർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് ആറു വർഷം കഠിനതടവും പിഴയും.
സോളാർ; സരിതക്ക് 6 വർഷം കഠിനതടവ്.
കോഴിക്കോട്:
സോളാർ തട്ടിപ്പ് കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിനതടവും പിഴയും വിധിച്ചു. 30,000 രൂപയാണ് പിഴയായി നൽകേണ്ടത്. സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്നു കോഴിക്കോട് മജിസ്ട്രേട്ട് കോടതിയാണ് കണ്ടെത്തിയത്. ആൾമാറാട്ടം, വിശ്വാസവഞ്ചന, വ്യാജരേഖ തയ്യാറാക്കാൽ തുടങ്ങിയ കുറ്റങ്ങളാണ് സരിതക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ മണിമോനെ കോടതി വെറുതെ വിടുകയും ചെയ്‌തു. മൂന്നാം പ്രതി മണിമോനെതിരെ ഉണ്ടായിരുന്നത് വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കി എന്നതായിരുന്നു. എന്നാൽ, ഈ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. അങ്ങനെയാണ് ഇയാളെ വെറുതെവിടുന്നത്.
സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നായിരുന്നു ഇത്. മാർച്ച് 23ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. താൻ നിരപരാധിയാണെന്നും കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും മണിമോൻ പറഞ്ഞു.
കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി. കേസിൻ്റെ വിചാരണ 2018 ഒക്‌ടോബറിൽ പൂർത്തിയായിരുന്നു. കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കോടതി വാറണ്ടുകളും നിരവധി കേസുകളും നിലവിൽ ഉണ്ടായിട്ടും സരിതയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ വിമർശനം ശക്തമായിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത് നിന്നും കസബ പോലീസ് സരിതയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ, പാത്തനംതിട്ട, കോഴിക്കോട് കോടതികളിൽ സരിതയ്‌ക്കെതിരെ വാറണ്ട് നിലവിലുണ്ട്.