സംസ്‌കൃതി -5 - നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് .

കേരളത്തിന്റെ കായിക ഭൂപടത്തിൽ തനതായ സ്ഥാനം നേടിയ തൃശൂരിന്റെ അഭിമാനമായ നാട്ടിക ഗവർമെന്റ് ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കായിക രംഗത്തെ തിളക്കമാർന്ന വിജയങ്ങളുടെ എല്ലാം ചാലക ശക്തി ആയ നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് . ഇപ്പോൾ ഒരു വലിയ സ്വപ്നം പൂവണിയിക്കാനുള്ള കഠിന പരിശ്രമത്തിൽ ആണ് .

സംസ്‌കൃതി -5
നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് .

ഒളിമ്പിക് സ്വപ്നവുമായി നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് .

കേരളത്തിന്റെ കായിക ഭൂപടത്തിൽ തനതായ സ്ഥാനം നേടിയ തൃശൂരിന്റെ അഭിമാനമായ നാട്ടിക ഗവർമെന്റ് ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കായിക രംഗത്തെ തിളക്കമാർന്ന വിജയങ്ങളുടെ എല്ലാം ചാലക ശക്തി ആയ നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് . ഇപ്പോൾ ഒരു വലിയ സ്വപ്നം പൂവണിയിക്കാനുള്ള കഠിന പരിശ്രമത്തിൽ ആണ് .

സ്പോർട്സ് അക്കാദമിയുടെ അഭിമാന താരമായ ആൻസി സോജൻ ലോങ്ങ്ജമ്പിൽ ട്രയൽസിൽ വിജയിച്ചു ഒളിമ്പിക്സിൽ പങ്കെടുക്കാൻ അർഹത നേടുമെന്നുള്ള ശുഭ പ്രതീക്ഷയിൽ ആണ് അക്കാദമി ഭരണ സമിതി .

അഭിമാനകരമായ ഈ നേട്ടം കൈവരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ആണ് ആൻസി സോജനും ഒപ്പം നിറഞ്ഞ പിന്തുണയോടെ അക്കാദമി ഭരണ സമിതിയും .

നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ്. എന്ന നിസ്വാർത്ഥ പ്രസ്ഥാനത്തിന്റെ ഉത്ഭവം ഒരു കൂട്ടം സ്പോർട്സ് പ്രേമികൾ ആയ രക്ഷിതാക്കളുടെ താൽപര്യത്തിൽ നിന്നായിരുന്നു .

2012 -2013 അദ്ധ്യയന വർഷത്തിന്റെ അവസാനമാണ് ഇത്തരത്തിൽ ഒരു അക്കാദമി എന്ന ആശയം രൂപപ്പെടുന്നത് . ആ കാലത്ത് പി ടി എ പ്രസിഡന്റ് ആയിരുന്ന ബി കെ ജനാർദ്ദനൻ , നാട്ടികയെ കേരളത്തിന്റെ കായിക ഭൂപടത്തിൽ നിർണായക സാന്നിദ്ധ്യമായി വളർത്തുന്ന കോച്ച് കണ്ണൻ മാഷ് , നാട്ടിക എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് സൗദാമിനി ടീച്ചർ എന്നിവരുടെ നിശ്ചയ ദാർഢ്യം ആണ് സ്പോർട്സ് അക്കാദമി എന്ന ആശയത്തിന് രൂപം നൽകിയത് .
ആദ്യം സ്കൂളിലെ സ്പോർട്സിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ആണ് തുടക്കം . കായികരംഗത്ത് മുൻസാന്നിധ്യമായ കണ്ണൻ മാഷാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന കണ്ണൻ മാഷ് പരിശീലനത്തിനുള്ള സമയം ക്രമീകരിച്ച് പടിപടിയായി പ്രതിഭാശാലികാളായ കുട്ടികളെ മിടുക്കരായ താരങ്ങൾ ആക്കി വാർത്തെടുത്തു .
തുടക്കത്തിൽ ഇതെത്ര മാത്രം വിജയിക്കുമെന്ന ആശങ്ക നാട്ടുകാരോടൊപ്പം രക്ഷിതാക്കൾക്കും ഉണ്ടായിരുന്നെങ്കിലും പിന്നീട് വന്ന വര്ഷങ്ങളിലെ സ്പോർട്സ് മീറ്റുകളിൽ നാട്ടികയിലേ നക്ഷത്രങ്ങൾ തിളക്കമുള്ള വിജയവുമായി സംസ്ഥാനത്തിന്റെ അതിർത്തികൾ ഭേദിച്ച് ദേശിയ ചാമ്പ്യൻഷിപ്പുകളിൽ , ആൻസി സോജൻ , പി എ അതുല്യ അടക്കമുള്ള താരങ്ങൾ വിജയികളാവുന്നതും ഇന്നത് ഒളിമ്പിക്സ് സ്വപ്നത്തിൽ വരെ എത്തി നിൽക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത് .
ഈ വിജയത്തിന്റെ പ്രധാന കാരണം കണ്ണൻ മാഷിന്റെ അശ്രാന്ത പരിശ്രമവും , നിസാർത്ഥ സേവനവും ആണന്നു പറയാതെ തന്നെ മനസ്സിലാക്കാം . അതോടൊപ്പം അക്കാദമി നൽകിയ മികച്ച പിന്തുണയും ഈ വിജയങ്ങൾക്ക് നിദാനമായി .
കണ്ണൻ മാഷുടെ അമ്മാവനും കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനുമായിരുന്ന പ്രസന്നൻ മാഷ് ആയിരുന്നു കോച്ച് കണ്ണൻ മാഷിന് കായിക പരിശീലനം നൽകിയത് , ഉപജില്ലാ മത്സരങ്ങളിൽ അടക്കം വിജയി ആയിരുന്നിട്ടും സാഹചര്യങ്ങൾ മൂലം സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കണ്ണൻ മാഷിന് തന്റെ കുട്ടികൾ ഇപ്പോൾ ദേശിയ മീറ്റുകളിൽ പങ്കെടുക്കുമ്പോൾ അവരിലൂടെ ജയിക്കുകയാണ് മാഷ് .
നിലവിൽ ബി കെ ജനാർദ്ദനൻ ചെയർമാനായ 9 അംഗ ഭരണ സമിതി ആണ് നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് സാരഥികൾ .
കൂടുതൽ പ്രതിഭകളെ കണ്ടെത്തി വളർത്തി എടുക്കാനുള്ള പരിശ്രമത്തിൽ ആണ് അക്കാദമി .

രാവിലെ 4 .15 നു കുട്ടികളെ നാല് കിലോമീറ്റർ അകലെയുള്ള വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിനായി കൊണ്ട് പോകുന്നു .
22 കുട്ടികൾ നാല് വണ്ടികളിൽ ആയാണ് ദിനം പ്രതി ഇവിടെ എത്തി പരിശീലനം നടത്തുന്നത് . രാവിലെ 7 .30 വരെ പരിശീലനം .

രാവിലെ നാട്ടിക ഗ്രൗണ്ടിൽ വേണ്ടത്ര വെളിച്ചത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ആണ് പരിശീലനത്തിന് വലപ്പാട് ഗ്രൗണ്ടിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാക്കിയത് .

കോവിഡ് പശ്ചാത്തലത്തിൽ വൈകുന്നേരത്തെ പരിശീലനം 3 മണി മുതൽ 6 മണി വരെ ആയി പുനഃക്രമീകരിച്ചിട്ടുണ്ട് . ഇത് നാട്ടിക ഗ്രൗണ്ടിൽ തന്നെ ആണ് നടത്തുന്നത് .

വിവിധ സ്ഥാപനങ്ങളുടെയും അഭ്യുദയ കാംഷികളുടെയും സഹകരണത്തോടെയാണ് അക്കാദമി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് .
വി പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ഉള്ള മണപ്പുറം ഫൗണ്ടേഷൻ ആണ് നിലവിൽ അക്കാദമിക്ക് മുഖ്യ സഹായം നൽകുന്നത് . കുട്ടികൾക്കാവശ്യമായ സ്പോർട്സ് കിറ്റ് , ഭക്ഷണം , യാത്ര സൗകര്യം തുടങ്ങിയ കാര്യങ്ങൾക്കാണ്‌ പ്രധാനമായും ഈ സഹായം ഉപയോഗപ്പെടുത്തുന്നത് .
അത്യാവശ്യ ഘട്ടങ്ങളിൽ ലുലു ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ എം എ യൂസഫലിയും സഹായങ്ങൾ നൽകുന്നു .
മുൻകാലങ്ങളിൽ തൃപ്രയാർ റിച്ച് ഹോം ഉടമ നസീമുദിൻ . നാട്ടിക മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിൽ പുളിക്കലിന്റെ കാലത്തെ ഭരണസമിതി ,തീരം പ്രവാസി കൂട്ടായ്മ തുടങ്ങിയവർ നൽകിയ സേവനങ്ങളും അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി . കൂടാതെ മുൻ
ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ അനുവദിച്ച ജിംനേഷ്യം സെന്ററും പ്രവർത്തനങ്ങൾക്ക് സഹായകമായി .

മറ്റു ജില്ലകളിൽ നിന്നുള്ള 10 വിദ്യാർത്ഥികൾക്കും ഇപ്പോൾ ഇവിടെ പരിശീലനം നൽകുന്നു . ഇവർ മറ്റിടങ്ങളിൽ താമസിച്ചാണ് ഇവിടെ പരിശീലനം നേടുന്നത് അതിനാൽ തന്നെ ഒരു സ്പോർട്സ് ഹോസ്റ്റൽ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ അക്കാദമി ആരംഭിച്ചു കഴിഞ്ഞു . വിവിധ സ്കൂൾ തല മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ അക്കാദമി അംഗങ്ങൾ സന്ദർശനം നടത്തി പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അക്കാദമിയിൽ പരിശീലനം നൽകാനും ശ്രമിക്കാറുണ്ട്. എന്നാൽ ഹോസ്റ്റൽ ഇല്ല എന്നുള്ളത് വലിയ പരിമിതി ആയി നിൽക്കുന്നു .

കൂടാതെ അക്കാദമി നേരിടുന്ന പ്രധാന വെല്ലുവിളി , ദേശിയ മത്സരങ്ങളിൽ അടക്കം കുട്ടികൾ പങ്കെടുക്കുന്നുണ്ടെങ്കിലും സിന്തറ്റിക് പിറ്റ് ഇല്ല എന്നുള്ളത് തന്നെയാണ് . തൃശ്ശൂർ ജില്ലയിൽ തന്നെ ഈ സൗകര്യം അപര്യാപ്തമാണെന്നുള്ളത് നമ്മുടെ കായിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് . നാട്ടിക എം എൽ എ ഗീതാ ഗോപിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ 200 മീറ്റർ സിന്തറ്റിക് പിറ്റിനു പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടങ്കിലും പ്രായോഗികതലത്തിൽ നടപ്പാക്കാനുള്ള നടപടികൾ നീണ്ടു പോകുകയാണ് .
വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി .മുരളീധരനോടും അക്കാദമിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും , സിന്തറ്റിക് ട്രാക്ക് അനുബന്ധ സൗകര്യങ്ങളുടെ ആവശ്യകത അദ്ദേഹത്തെ ബോദ്ധ്യപെടുത്തിയതായും അക്കാദമി ചെയർമാൻ വ്യക്തമാക്കി .

ചെയർമാൻ ബി കെ ജനാർദ്ദനൻ , കോച്ച് കണ്ണൻമാഷ് , മറ്റു ഭരണ സമിതി അംഗങ്ങൾ ആയ ഇ ടി സോജൻ , പി ആർ രഘുനാഥ് , കെ എച്ച് സാജൻ , ടി കെ ഹരിദാസ് , ഇ കെ സൗദാമിനി , വി കെ മധു , ശോഭന വിക്രംഞ്ചേരി, ധനഞ്ജയൻ മച്ചിങ്ങൽ , അക്കാദമിയിലെ പ്രതിഭകൾ ആയ ഇന്നത്തെയും നാളത്തേയും താരങ്ങൾ എല്ലാവര്ക്കും ടീം തൃശ്ശൂർ ടൈംസിന്റെ ആശംസകൾ .

നാടിന്നഭിമാനമായി ഒത്തിരി താരങ്ങൾ ഉയർന്നു വരട്ടെ .
ഒളിമ്പിക്സ് സ്വപ്നം പൂവണിയട്ടെ .

അവതരണം - ജലിൻ തൃപ്രയാർ .
ഏകോപനം - ജയൻ ബോസ് .
ആവിഷ്കാരം - ടീം തൃശൂർ ടൈംസ് .

#samskrithi #thrissurtimes #thrissur #nattika #nattikasportsacademy #keralasports

Related Posts