2019 ൽ 3648 കോടി; ഇന്ന് ബിസിസിഐ അക്കൗണ്ടിലുള്ളത് 9629 കോടി
മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിസിസിഐയുടെ ആസ്തി 3,648 കോടിയിൽ നിന്ന് 9,629 കോടി രൂപയായി വർധിച്ചു. ഏകദേശം 6,000 കോടി രൂപയുടെ വർദ്ധനവുണ്ടായതായി മുൻ ബിസിസിഐ ട്രഷററും ഐപിഎൽ ചെയർമാനുമായ അരുൺ ധമാൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിക്ക് പിന്നാലെ 2019 ലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിയമിച്ചത്. അന്ന് ബിസിസിഐയുടെ അക്കൗണ്ടിൽ 3,648 കോടി രൂപയുണ്ടായിരുന്നു. ഇപ്പോൾ 9,629 കോടി രൂപയാക്കി പുതിയ ഭരണസമിതിക്ക് കൈമാറുകയാണ്. താൻ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ ആസ്തിയെന്നും ധമാൽ പറഞ്ഞു.