അമേച്വര്‍ നാടക സമിതികള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം പദ്ധതിക്ക് തുടക്കമായി : തെരഞ്ഞടുക്കപ്പെട്ട നാടകങ്ങള്‍ ഫെബ്രുവരി രണ്ടാംവാരം മുതല്‍ അരങ്ങിലെത്തും
കേരള സംഗീത നാടക അക്കാദമി ആവിഷ്‌കരിച്ച അമേച്വര്‍ നാടക സമിതികള്‍ക്കുള്ള 50 ലക്ഷം രൂപയുടെ ധനസഹായം പദ്ധതിക്ക് അക്കാദമി അങ്കണത്തില്‍ തുടക്കമായി. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 25 നാടകങ്ങള്‍ 2022 ഫെബ്രുവരി രണ്ടാംവാരം മുതല്‍ അരങ്ങിലെത്തും. 25 അമേച്വര്‍ നാടകസമിതിക്കും നാടകാവതരണത്തിനായി രണ്ട് ലക്ഷം രൂപ വീതമാണ് അക്കാദമി ധനസഹായം അനുവദിക്കുന്നത്. അക്കാദമി വിഭാവനം ചെയ്ത അഞ്ച് നാടകോത്സവത്തിലൂടെയാണ് ഈ നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്നത്. കൊവിഡ് മഹാമാരിമൂലം ജീവിതം പ്രതിസന്ധിയിലായ കലാകാരന്‍മാരെ സഹായിക്കുന്നതിനായാണ് അക്കാദമി ഈ ബൃഹത്തായ പദ്ധതി ആവിഷ്‌കരിച്ചത്. തെരഞ്ഞടുക്കപ്പെട്ട നാടക സമിതികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായുള്ള യോഗം കേരള സംഗീത നാടക അക്കാദമിയില്‍ സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശിയുടെ അധ്യക്ഷതയില്‍ നടന്നു. തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്കുള്ള ആദ്യഘട്ട തുക എത്രയും പെട്ടന്ന് അനുവദിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്ന നാടകകലാകാരന്‍മാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇത്തരം പദ്ധതികള്‍ അക്കാദമി വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നടപ്പിലാക്കുന്നത്. അക്കാദമി നിര്‍വാഹക സമിതി അംഗം വി ഡി പ്രേമപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ വി കെ അനില്‍ കുമാര്‍, തെരഞ്ഞെടുക്കപ്പെട്ട അമേച്വര്‍ നാടക സമിതികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.