ഇന്ത്യയുടെ മിസൈൽ മാൻ എ പി ജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് 6 വർഷം.

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത് വ്യക്തിത്വം.

മുൻ ഇന്ത്യൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന ഡോ എ പി ജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് 6 വർഷം പിന്നിടുകയാണ്. 2015 ജൂലൈ 27ന് ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന 'ഡോ. എ പി ജെ അബ്ദുൽ കലാം ലോകത്തോട് വിടപറഞ്ഞത്.

രാജ്യത്തിൻ്റെ 11 -ാമത് രാഷ്ട്രപതിയായ കലാം ജനകീയ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അറിയപ്പെട്ടത്. സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് കലാമിൻ്റെ ജനനം. 'ആകാശങ്ങളിൽ പറക്കുക' എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.

രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനവും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനവും പൂർത്തിയാക്കിയ ശേഷം തൻ്റെ ആഗ്രഹ സാഫല്യത്തിനായി 1955-ൽ കലാം മദ്രാസ് ഐ ഐ ടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.

കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് തിരിച്ചറിഞ്ഞ കലാം അവരിൽ സമ്മര്‍ദ്ദം ചെലുത്താതെ അറിവുകള്‍ പകര്‍ന്നു. സ്വപ്നം കാണുക, ഊർജത്തോടെ പ്രവർത്തിക്കുക- ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദർശനം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാൽ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. യുവാക്കൾക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നൽകുന്നവയായിരുന്നു കലാമിൻ്റെ വാക്കുകൾ.

രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

Related Posts