ബിജെപിയിലെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിയുന്നതായി അലി അക്ബർ

ബിജെപി യിലെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും താൻ ഒഴിയുന്നതായി ചലച്ചിത്ര സംവിധായകൻ കൂടിയായ അലി അക്ബർ. പുന:സംഘടനയിലെ കടുത്ത അസംതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പിടിമുറുക്കുന്നതായും മറ്റുള്ളവരെ തഴയുന്നതായും വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് അലി അക്ബറിന്റെ രാജി. എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞെന്നും പക്ഷങ്ങളില്ലാതെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു.

ഒരു മുസൽമാൻ ബിജെപി യിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാമാന്യ ജനത്തിന് കഴിയില്ലെങ്കിലും നേതൃത്വത്തിന് കഴിയണം. അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ തന്നെപ്പോലുള്ളവരെ കുറിച്ചല്ല പറയുന്നത്. വർഷങ്ങൾക്കു മുമ്പേ സംഘിപ്പട്ടം കിട്ടിയവരെ കുറിച്ചാണ്. സാമൂഹ്യമായ വേട്ടയാടലിനെ കൂസാതെ പ്രവർത്തിച്ചവരും രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവരുമായ അത്തരക്കാരെ വേട്ടയാടുകയാണ്.

നൊന്താൽ അത് പറയണമെന്നും പ്രതിഫലിപ്പിക്കണമെന്നും പൂട്ടിട്ട് വെയ്ക്കാൻ യന്ത്രമല്ലെന്നുമുള്ള വാക്കുകളാണ് പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ഒച്ചയില്ലാത്തവന്റെ ആയുധങ്ങളാണ് അക്ഷരങ്ങൾ. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടുന്നു. എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞു, പക്ഷങ്ങളില്ലാതെ പോകാൻ തീരുമാനിച്ചു എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കേന്ദ്ര സെൻസർ ബോർഡംഗമായ അലി അക്ബർ ആ സ്ഥാനം രാജിവെച്ചോ എന്നത് വ്യക്തമല്ല.

Related Posts