"ഞാൻ നേരത്തേ പറഞ്ഞതല്ലേ, അദ്ദേഹം സ്ഥിരതയുളള ആളല്ല," രാജിക്കു തൊട്ടുപിന്നാലെ സിദ്ദുവിനെപ്പറ്റി അമരിന്ദർ സിങ്ങിൻ്റെ ട്വീറ്റ്
പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം നവ്ജോത് സിദ്ദുവിനെപ്പറ്റി മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിൻ്റെ ട്വീറ്റ്.
"ഞാൻ നേരത്തേ പറഞ്ഞതല്ലേ... അദ്ദേഹം സ്ഥിരതയുള്ള ആളല്ല. അതിർത്തി സംസ്ഥാനമായ പഞ്ചാബിനു പറ്റിയ ആളുമല്ല" എന്നാണ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങ് ട്വീറ്റ് ചെയ്തത്.
പഞ്ചാബ് രാഷ്ട്രീയത്തിൽ ചൂടു പിടിച്ച ചർച്ചയാണ് സിദ്ദുവിനും സിങ്ങിനും ഇടയിലുള്ള പടലപ്പിണക്കങ്ങൾ. ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിനും തീരാത്ത തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. ദൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അമരിന്ദർ സിങ്ങിൻ്റെ മുൾമുന വെച്ച ട്വീറ്റ് വന്നിരിക്കുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വത്തെ സന്ദർശിക്കാനാണ് അദ്ദേഹം ദൽഹിക്ക് പോകുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 18 നാണ് അമരിന്ദർ സിങ്ങ് മുഖ്യമന്ത്രി പദം രാജിവെയ്ക്കുന്നത്. താൻ അപമാനിക്കപ്പെട്ടതായി മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം സിദ്ദുവിനെ 'ദേശദ്രോഹി'യെന്നും 'അപകടകാരി' എന്നുമാണ് വിശേഷിപ്പിച്ചത്. ഭാവി കാര്യങ്ങൾ സുഹൃത്തുക്കളുമായി ആലോചിച്ചു തീരുമാനിക്കും എന്ന് പറയുന്ന ക്യാപ്റ്റൻ്റെ ഡൽഹി യാത്ര ഒട്ടേറെ ഊഹാപോഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.