കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകള്‍ തുറക്കാമെന്ന് മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെ പലയിടത്തും തടസ്സങ്ങൾ ഉണ്ടാവുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.
കെ എസ് ആർടി സി കോംപ്ലക്സുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. കോംപ്ലക്സുകളിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകുന്നതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ എസ് ആർ ടി സി ജീവനക്കാർ ദുരുപയോഗം ചെയ്താൽ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് കെ എസ് ആർ ടി സി കോംപ്ലക്സുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന നിർദേശം കെ എസ് ആർ ടി സി മുന്നോട്ടുവെച്ചത്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെ എസ് ആർ ടി സിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.