325-350 സീറ്റു നേടി ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്
അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി 325 നും 350 നും ഇടയിൽ സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ൽ നേടിയ 312 സീറ്റിനെ മറികടക്കുമെന്ന ആത്മവിശ്വാസമാണ് യോഗി പ്രകടിപ്പിക്കുന്നത്.
"അധികാരത്തിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഉത്തർപ്രദേശിൻ്റെ രാഷ്ട്രീയം എനിക്ക് നന്നായറിയാം. കഴിഞ്ഞ 23 വർഷമായി സജീവമായി രാഷ്ട്രീയത്തിലുണ്ട്. യു പി യിലെ വോട്ടർമാരുടെ രാഷ്ട്രീയമായ ധാരണയെ കുറിച്ചും പക്വതയെപ്പറ്റിയും നല്ല ആത്മവിശ്വാസമുണ്ട്," ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ യോഗി അഭിപ്രായപ്പെട്ടു.
രണ്ടുദിവസം മുമ്പാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം നടന്നത്. സാമൂഹ്യമായ സന്തുലനം പാലിക്കാനും മുഴുവൻ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് മന്ത്രിസഭ വിപുലീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജേഷ് ടിക്കായത്തിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറൻ യു പി യിൽ നടന്നുവരുന്ന കർഷക പ്രക്ഷോഭത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.