കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; നാടക സങ്കൽപങ്ങളെ പൊളിച്ചെഴുതിയ 'ഭ്രാന്തി'ന്റെ ആദ്യ പ്രദർശനം ഇന്നു മുതൽ

സി അയ്യപ്പന്റെ 'ഭ്രാന്ത്' എന്ന ശക്തമായ ചെറുകഥയെ ആസ്പദിച്ചുള്ള പെർഫോമൻസ് ആണിത്.

തൃശ്ശൂർ: അഭീഷ് ശശിധരന്റെ മീഡിയേറ്റഡ്‌ പെർഫൊമൻസായ 'ഭ്രാന്തി'ന്റെ ഹോപ്പ് ഫെസ്റ്റിവലിലെ ആദ്യ പ്രദർശനം ഇന്നു (ഡിസംബർ 30) മുതൽ ഹോപ്പ് ഫെസ്റ്റ് വേദിയിൽ. വലിയ വേദിക്കു മുന്നിൽ ഒരുപാട് കാണികളെ ഇരുത്തി നാടകം അവതരിപ്പിക്കുന്നതിന് പകരം കാണികളായ നാലു പേരെ മാത്രം അംബാസിഡർ കാറിൽ കയറ്റിയിരുത്തി, അഭിനേതാക്കൾ കാണികളുമായി സംവദിക്കുകയും കാണികളായവരെ പ്രത്യേക സ്ഥലത്ത് ഇറക്കിവിട്ട് നേരിട്ടും വെർച്വൽ കമ്മ്യൂണിക്കേഷൻ വഴിയും പെർഫോമൻസ് പുരോഗമിക്കുകയും ചെയ്യുന്നു. ഒരേ സമയം നാലു പേർക്ക് മാത്രമാണ് പെർഫോമൻസ് കാണാൻ സാധിക്കുക. 40 മിനിട്സ് ദൈർഘ്യമുള്ളതാണ് നാടകം. സി അയ്യപ്പന്റെ 'ഭ്രാന്ത്' എന്ന ശക്തമായ ചെറുകഥയെ ആസ്പദിച്ചുള്ള പെർഫോമൻസ് ആണിത്. കുമാരദാസ് ടി എൻ മുഖ്യ പെർഫോമർ ആയി അരങ്ങിലെത്തുന്നു. ഒപ്പം അനീഷ് വളാഞ്ചേരി, സുധീർ സി, ക്ഷേമാ വർഗീസ് എന്നിവരും. അംബാസിഡർ കാറിൽ നാലു കാണികളെ കയറ്റി ആരംഭിക്കുന്ന നാടകം 40 മിനുട്ടിന്റെ പ്രകടനത്തിനു ശേഷം അവസാനിക്കുകയും 20 മിനുട്ട് ഇടവേളയെടുത്ത ശേഷം നാടകത്തിന്റെ അണിയറപ്രവർത്തകർ അടുത്ത നാലു കാണികളെ കാറിൽ കയറ്റി പെർഫോമൻസ് പുനരാരംഭിക്കുകയും ചെയ്യും. ഇത് രാത്രി ഒൻപത് മണി വരെ തുടരും. ഇതേ പെർഫോമൻസ് ഡിസംബർ 31നും ഹോപ്പ് ഫെസ്റ്റ് വേദിയിൽ അരങ്ങേറും.

Related Posts