വെസ്റ്റ് വിർജീനിയയിലെ ഒരു സ്ത്രീ രണ്ട് വർഷത്തെ കോമയിൽ നിന്ന് ഉണർന്ന് തന്റെ സഹോദരനെ അക്രമിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 2020 ജൂണിൽ വെസ്റ്റ് വിർജീനിയയിലെ കോട്ടേജ്‌ വില്ലെക്ക് സമീപമുള്ള തന്റെ വസതിയിൽ വച്ച് തന്റെ സഹോദരൻ ഡാനിയൽ പാമർ തന്നെ ആക്രമിച്ചതായി 51 കാരിയായ വാൻഡ പാമർ ആരോപിച്ചു. പാമറിനെ "ആക്രമിക്കുകയും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു" എന്ന് പോലീസിനെ അവർ അറിയിച്ചു. 2 വർഷം മുൻപ് ഗുരുതരമായ പരിക്കുകളോടെ വീട്ടിൽ കിടക്കുന്ന നിലയിൽ ആണ് പാമറിനെ പോലീസ് കണ്ടെത്തിയത്. മരിച്ചുവെന്ന് ആദ്യം കരുതിയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നും നേരിയ തോതിൽ ശ്വസിക്കുന്നുണ്ടെന്നും ഉടൻ മനസ്സിലായി. പാമറിന്റെ സഹോദരൻ ഡാനിയേലിനെ തലേദിവസം അർദ്ധരാത്രിയോടെ പൂമുഖത്ത് കണ്ടതായി ഒരു സാക്ഷി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആക്രമണം നടത്തിയതിന് തെളിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ കുറ്റം ചുമത്താനായില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് തനിക്ക് അധികാരികളുമായി സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞ് പാമറിന്റെ കെയർ ഫെസിലിറ്റിയിൽ നിന്ന് പൊലീസിന് കോൾ ലഭിച്ചു. ചോദ്യങ്ങൾക്ക് പാമറിന് അതെ അല്ലെങ്കിൽ ഇല്ല എന്ന് മാത്രമുള്ള ഉത്തരം നൽകാൻ കഴിയുന്ന അവസ്ഥ ആയിരുന്നെങ്കിലും ഡാനിയേലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മതിയായ വിവരങ്ങൾ നൽകി. അറസ്റ്റ് രേഖകൾ പ്രകാരം 55 കാരനായ ഡാനിയൽ പാമർ മൂന്നാമനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമം, ക്ഷുദ്രകരമായ മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.