നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
'പിണറായി ഭരണത്തിനെതിരെ പൗരവിചാരണ'; ശക്തമായ സമര പരിപാടികൾക്കൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. 'പിണറായി ഭരണത്തിനെതിരെ പൗരവിചാരണ' എന്ന ക്യാമ്പയിൻ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. "അരിക്കും പച്ചക്കറികള്‍ക്കും തീവില. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായിട്ടും വിപണി ഇടപെടല്‍ നടത്താതെ നോക്കുകുത്തിയായി സര്‍ക്കാര്‍. നെല്ല് സംഭരണം അട്ടിമറിച്ചും നാണ്യവിളകള്‍ക്കുള്ള താങ്ങുവില പ്രഖ്യാപനത്തില്‍ ഒതുക്കിയും കര്‍ഷകരെ കണ്ണീരിലാഴ്ത്തി. നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കോറിഡോര്‍. ലഹരിക്കടത്ത് ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സിപിഎം നേതാക്കള്‍. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍. സര്‍വകലാശാലകളെ ബന്ധു നിയമനത്തിനുള്ള സ്ഥാപനങ്ങളാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ത്തു. മരുന്നില്ലാതെ ആശുപത്രികള്‍. കൊവിഡ് മറയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ കൊള്ളയടിച്ചത് കോടികള്‍. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവങ്ങള്‍ക്കുള്ള സഹായങ്ങളൊക്കെ നിലച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉല്ലാസയാത്ര. സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നാലെ ഒന്നാം പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം. സോളാര്‍ കേസ് പ്രതിയെ വിശ്വസിച്ചവര്‍ സ്വപ്‌നയുടെ മൊഴി വിശ്വസിക്കില്ലെന്നും കേസെടുക്കില്ലെന്നും പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സിപിഎം-സംഘപരിവാര്‍ കൂട്ടുകെട്ട്. വിഴിഞ്ഞം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങളോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവഗണന. തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അപ്രഖ്യാപിത നിയമന നിരോധനം. തുലാവര്‍ഷമെത്തിയിട്ടും അറ്റകുറ്റപ്പണി നടത്താത്ത റോഡുകള്‍.സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചവര്‍ കെഎസ്ആര്‍ടിസിയെ തകര്‍ത്തു. ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസും യുഡിഎഫും ശക്തമായ സമര പരിപാടികളിലേക്ക് കടക്കുകയാണ്", വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.