സ്പെയിനിലെ ബാങ്ക് ഉദ്യോഗസ്ഥയായ, ഇവര്‍ ആകസ്മികമായാണ് ക്ലൗണ്‍ ഷോയിലേക്ക് എത്തിപ്പെടുന്നത്.
ഹോപ്പ് ഫെസ്റ്റിന് നിറം പകരാന്‍ ക്ലൗണ്‍ ഷോയുമായി മോണിക്കാ സാന്റോസ് എത്തി.
ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപിടി ട്രിക്ക്സുമായി ക്ലൗണ്‍ ഷോയുമായി സ്പെയിന്‍കാരി മോണിക്കാ സാന്റോസ് കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ എത്തി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റില്‍ ഡിസംബര്‍ 30 ന് വൈകീട്ട് നാലിന് ഇവര്‍ അവതരിപ്പിക്കുന്ന ക്ലൗണ്‍ ഷോ അരങ്ങേറും. കേരളത്തില്‍ അത്ര പ്രശസ്തമല്ലാത്ത ക്ലൗണ്‍ ഷോ തൃശ്ശൂരിന് എന്തുകൊണ്ടും നവ്യാനുഭമായിരിക്കും. വ്യത്യസ്തമായ ശരീരഭാഷയിലൂടെയും സംഭാഷണ ചാതുര്യത്തിലൂടെയും മോണിക്കാ സാന്റോസ് ഇന്ത്യക്കാരെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് അഞ്ചിലധികം വര്‍ഷങ്ങളായി. സ്പെയിനിലെ ബാങ്ക് ഉദ്യോഗസ്ഥയായ, ഇവര്‍ ആകസ്മികമായാണ് ക്ലൗണ്‍ ഷോയിലേക്ക് എത്തിപ്പെടുന്നത്. തന്‍റെ 25ാം വയസ്സില്‍, ഒരിക്കല്‍ ക്ലൗണ്‍ ഷോ വര്‍ക്കില്‍ പങ്കെടുത്തതാണ് ഇവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി നല്‍കുന്ന സംതൃപ്തിയല്ല യഥാര്‍ത്ഥ സന്തോഷം എന്ന് തിരിച്ചറിഞ്ഞ ഇവര്‍, പിന്നീട് ക്ലൗണായി അരങ്ങിലെത്തുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്ന ഇവരെ, ഇവിടുത്ത നല്ല ഓര്‍മ്മകള്‍ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യയില്‍ എത്തിയ ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ലൗണ് ഷോ ചെയ്തുവരുന്നു. രോഗവുമായി നിരന്തരം മല്ലിടുന്നവരുടെ ഇടയിലേക്ക് ക്ലൗണായി എത്തി, അവരുടെ ചുണ്ടില്‍ പുഞ്ചരി വിരിയിക്കുന്നതാണ് യഥാര്‍ഥ സന്തോഷമെന്ന് ഇന്ന് ഇവര്‍ക്ക് അറിയാം. രോഗികളുടെ മനസ്സില്‍ സന്തോഷം നിറച്ചാല്‍, മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് മോണിക്ക സാന്റോസ് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലുടനീളം ക്ലൗണ്‍ ഷോകള്‍ അവതരിപ്പിച്ചു വരുന്ന ഇവര്‍, താന്‍ ഒരു ക്ലൗണ്‍ ആണെന്ന് അഭിമാനപൂര്‍വ്വമാണ് പറയുന്നത്. രോഗപീഡയില്‍ കഴിയുന്നവര്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, എച്ച് ഐ വി രോഗ ബാധിതര്‍, ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകള്‍ എന്നിവരുടെയെല്ലാം ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുക എളുപ്പമുള്ള കാര്യമല്ലെന്ന് ഇവര്‍ പറയുന്നു. ക്ലൗണ്‍ ഷോ അവതരിപ്പിക്കുന്നതിന് സ്പെയിനില്‍ നിന്ന് പരിശീലനം നേടിയ ഇവര്‍, ഇനിയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഷോ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അരങ്ങില്‍ നാടകം അവതരിപ്പിക്കുമ്പോള്‍, കാണികള്‍ നല്‍കുന്ന കൈയ്യടിയാണ് മുന്നോട്ട് ചലിക്കാനുള്ള ഊര്‍ജ്ജമെങ്കില്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ലൗണ് ഷോ അവതരിപ്പിക്കുമ്പോള്‍ രോഗിയുടെ പുഞ്ചിരി തന്നെ ജീവിതത്തെ സ്ഥാര്‍ത്ഥകമാക്കുന്നുവെന്ന് മോണിക്ക പറഞ്ഞു നിര്‍ത്തുന്നു.