കൊവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള കുവൈറ്റിന്റെ സഹായം ഇന്ത്യയിൽ എത്തി .
ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി നേരിടുന്നതിനു കുവൈറ്റിൽ നിന്ന് ഇത് വരെയായി 2882 ഓക്സിജൻ സിലിണ്ടറുകളും 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 66 ഓക്സിജൻ കൺസന്റ്രേറ്റുകളും 11 വെന്റിലേറ്ററുകളും നിരവധി ഔഷധങ്ങളും അയച്ചതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് വ്യക്തമാക്കി. ഇവയിൽ 1200 ഓക്സിജൻ സിലിണ്ടറുകളും 11 വെന്റിൽറ്ററുകളും 60 ഓക്സിജൻ കൺസെന്റ്രേറ്റുകളും 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കുവൈത്ത് സർക്കാരിന്റെ സഹായമായാണു ലഭിച്ചത്. 1682 ഓക്സിജൻ സിലിണ്ടറുകൾ, 6 ഓക്സിജൻ കൺസന്റ്രേറ്ററുകൾ, എന്നിവ കുവൈറ്റിലെ ഇന്ത്യൻ സമൂഹം സ്വരൂപിച്ചു നൽകിയ സഹായമാണെന്നും ' ഇന്ത്യയിലെ കൊവിഡ് സാഹചര്യവും വിദേശ സഹായങ്ങളും ' എന്ന വിഷയത്തിൽ. ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കവേ സ്ഥാനപതി വ്യക്തമാക്കി. കുവൈറ്റ് വ്യോമ സേനയുടെ പ്രത്യേക വിമാനത്തിലാണു ഈ മാസം 4 നു ആദ്യ സഹായം അയച്ചത്. ഇതിനു പുറമേ ഇന്ത്യൻ നാവിക സേനയുടെ ഐ. എൻ. എസ് കൊൽക്കത്ത, ഐ. എൻ. എസ് കൊച്ചി, ഐ. എൻ. എസ് തബർ എന്നീ മൂന്നു പടക്കപ്പലിലും കുവൈറ്റിന്റെ ഒരു ചരക്ക് കപ്പലിലുമായാണു സഹായ സാമഗ്രികൾ ഇന്ത്യയിൽ എത്തിച്ചത്. ഇവ കൃത്യമായ ആസൂത്രണ മികവോടെ കേന്ദ്ര സർക്കാർ വിതരണം ചെയ്യുമെന്നും സ്ഥാനപതി അറിയിച്ചു. കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ ഇന്ത്യക്ക് സഹായ വാഗ്ദാനങ്ങളുമായി ആദ്യം എത്തിയ രാജ്യങ്ങളിൽ ഒന്നാണു കുവൈറ്റ് . പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി പ്രവർത്തിച്ച ചരിത്രമാണു ഇരു രാജ്യങ്ങൾക്കും ഉള്ളതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.