മൊബൈൽ ഓക്സിജൻ ആംബുലൻസ് സർവ്വീസിന് മതിലകത്ത് തുടക്കം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.

തൃശൂർ:

ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്താൻ ഓരോ പഞ്ചായത്തിലും ഓരോ മെഡിക്കൽ ആംബുലൻസ് ഓക്സിജൻ സൗകര്യം ബ്ലോക്ക് തല സെക്രട്ടറിമാർ ഏർപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് നിർദേശിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ആംബുലൻസ് ലഭ്യമല്ലാത്തവർക്ക് സന്നദ്ധ പ്രവർത്തകരുടെയോ സംഘടനകളുടെയോ സഹായത്തോടെ ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ജില്ലാ പഞ്ചായത്തിൻ്റെ ഒരു ലക്ഷം ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വരൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു. ഓക്സിജൻ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ: 9048528830, 7034929999, 8943508888

Related Posts