ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽവി; സാനിയയുടെ കിരീട സ്വപ്നം പൂവണിഞ്ഞില്ല
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്‍റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ 6-7, 2-6 എന്ന സ്കോറിന് പരാജയപ്പെട്ടത്. മത്സരത്തോടെ സാനിയയുടെ ഗ്രാൻഡ് സ്ലാം കരിയറിന് അവസാനമായി. കിരീട വിജയത്തോടെ തന്‍റെ ഗ്രാൻഡ്സ്ലാം കരിയർ അവസാനിപ്പിക്കണമെന്ന സാനിയയുടെ പ്രതീക്ഷകൾ തകർന്ന് വീണു. ഇത് തന്‍റെ അവസാന ഗ്രാൻഡ് സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഴാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ മെൽബണിലെത്തിയത്. സെമിഫൈനലിൽ ബ്രിട്ടന്‍റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസൈർ ക്രവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ലാത്വിയൻ, സ്പാനിഷ് ജോഡികളായ ജെലെന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയിൽ പ്രവേശിച്ചത്.